പ്രവചിക്കുന്നത് എല്‍ഡിഎഫ് തുടര്‍ഭരണം

സതീശന്റെ സര്‍വെയ്ക്ക് അംഗീകാരം കിട്ടിയേക്കില്ല
 
LDF തുടർസർവ്വതല സ്പർശിയായ പ്രകടന പത്രികയുമായി LDF
അഭിജിത് 

തെരഞ്ഞെടുപ്പ് തന്ത്രം എന്ന രീതിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അവതരിപ്പിച്ച സര്‍വെ ഫലത്തെയും പ്ലാന്‍ 63 നെയും കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പിന്തുണച്ചേക്കില്ലെന്ന് സൂചന. പ്രതിപക്ഷനേതാവ് സ്വന്തം നിലയില്‍ നടത്തിയ രഹസ്യ സര്‍വെ ആത്യന്തികമായി സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മിക്കച്ച സീറ്റുകളോടെ വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത് എന്നാണ്. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവിടാനോ പിന്തുണ നല്‍കാനോ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. 

നിലവിലുള്ള 21 സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ 63 സീറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അതിലൂടെ വിജയിച്ച് അധികാരത്തിലെത്താമെന്നുമാണ് സതീശന്റെ വാദം. 20 സീറ്റുകള്‍ ഘടക കക്ഷികള്‍ കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ. ഇവിടെതന്നെ സര്‍വെ പിഴയ്ക്കുകയാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം. 63 സീറ്റില്‍ കോണ്‍ഗ്രസും 20 സീറ്റില്‍ മറ്റ് കക്ഷികളും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ 57 സീറ്റ് ഇടതുപക്ഷത്തിന് പൂര്‍ണമായി വിട്ടുനല്‍കുന്ന അവസ്ഥ സംജാതമാകും. തുടര്‍ഭരണത്തിനായി പിന്നീട് അവര്‍ക്ക് വേണ്ടിവരുന്നത് വെറും 14 സീറ്റ് മാത്രമായിരിക്കും. ഇതാകട്ടെ ഇടതുപക്ഷത്തിനൊരു വെല്ലുവിളിപോലുമാകില്ല. ഫലത്തില്‍ യുഡിഎഫ് ഇപ്പോഴേ അടിയറവ് പറയുന്നതിന് തുല്ല്യമായേ ജനം ഇതിനെ കാണുകയുള്ളൂവെന്നാണ് ഈ നേതാക്കളുടെ പക്ഷം. തങ്ങള്‍ ജയിച്ചുവെന്ന പ്രതീതി സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ ഇടതുപക്ഷത്തിനാവും. മൂന്നാംതവണ 100ലധികം സീറ്റുനേടി അധികാരത്തിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ച കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 


കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലകൊള്ളുന്നതായാണ് യുഡിഎഫ് അവകാശപ്പടുന്നതും കിട്ടുന്ന വേദികളിലെല്ലാം പ്രചരിപ്പിക്കുന്നതും. 63 സീറ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ജയിക്കുമെന്ന് പറയുന്നതിനര്‍ത്ഥം അവിടങ്ങളില്‍ ഇപ്പോള്‍ മുന്‍കൈ ഇടതുപക്ഷത്തിനാണെന്നാണ്. അതായത് കൈവശമുള്ള 21 സീറ്റില്‍പോലും നിലവില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമില്ലെന്ന് സ്വയം സമ്മതിക്കുന്നതായി മാറും ഈ രഹസ്യ സര്‍വെഫലം. ഇത് 2026 ലെ തെരഞ്ഞെടുപ്പില്‍ ഗുണത്തേക്കാളേറെ നഷ്ടമായിരിക്കും സമ്മാനിക്കുകയെന്നാണ് വിലയിരുത്തല്‍. അതുപോലെ കാണ്‍ഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കൂടുതല്‍ ശ്രദ്ധയൂന്നും, ഇത് നാളത്തെ പ്രതീക്ഷകള്‍ക്കുപോലും വിലങ്ങുതടിയാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 


സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന സതീശന്റെ ആശയത്തേയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍വന്ന ശേഷം ഉടലെടുത്ത വാക്കാണിത്. പക്ഷേ, മലയാളികള്‍ ഇപ്പോഴും വര്‍ഗീയ ചേരിതിരിവ് എന്നുതന്നെയാണ് പറയുന്നത്. വര്‍ഗീയ കാര്‍ഡുമായി രംഗത്തിറങ്ങിയാല്‍, പ്രത്യേകിച്ച് 63 മണ്ഡലങ്ങളില്‍... അത് സമൂഹത്തിലുണ്ടാക്കുക ചേരിതിരിവായിരിക്കില്ല, മറിച്ച് വര്‍ഗീയതയ്‌ക്കെതിരായ ജനങ്ങളുടെ ഒത്തുചേരലായിരിക്കും. കേരളത്തിന്റെ ഈ സ്വഭാവമാണ് ഇടതുപക്ഷത്തിനെ പലപ്പോഴും അധികാരത്തിലെത്തിച്ചിട്ടുള്ളത്. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ പരസ്യമായി എതിര്‍ത്ത് സിപിഎം മുന്നോട്ടുവരുന്നതിന്റെ കാരണവുമിതാണ്. അത്തരമൊരു സാഹചര്യത്തില്‍ വര്‍ഗീയ കക്ഷികള്‍ക്ക് അടിമപ്പെടണമെന്ന ആശയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് ഒരിക്കലും കഴിയുകയില്ല. അതുകൊണ്ടുതന്നെ സതീശന്റെ ആശയമായ പ്ലാന്‍ 63 ചര്‍ച്ചയ്ക്ക്‌പോലും എടുക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും കേരളത്തില്‍നിന്നുള്ള ഈ നേതാക്കള്‍ പറയുന്നു.