വൈക്കം സത്യഗ്രഹ വാർഷികാഘോഷത്തിന്റെ പേരിൽ കോൺഗ്രസിൽ കലാപം

 
sasi and murali

കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തെച്ചൊല്ലി വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി രേഖപ്പെടുത്തി. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്.

കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവർ മാത്രമാണ് കെ പി സി സിയുടെ ഭാഗമായി സംസാരിച്ചത്. മുൻ പി.സി.സി അധ്യക്ഷനെന്ന നിലയിൽ തന്നെ പരിഗണിച്ചില്ലെന്നാണ് കെ.മുരളീധരന്‍റെ പരാതി. കെ.പി.സി.സി നേതൃത്വം തന്നെ അവഗണിച്ചെന്ന് കെ.മുരളീധരൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പരാതി നൽകി. 

വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയാണ്. വൈക്കം സത്യാഗ്രഹത്തിന്‍റെ സമരവഴികളിലൂന്നിയാണ് ഖാർഗെ ആരംഭിച്ചതെങ്കിലും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് വേദിയിൽ ഉന്നയിച്ചത്. അധികാരത്തിലിരിക്കുന്നവർ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ പ്രധാനമന്ത്രി ഇടപെടുകയാണെന്നും ഖാർഗെ ആരോപിച്ചു.