ആറുമാസം പിന്നിടുമ്പോൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ;

പ്രതിരോധിക്കാൻ കോൺഗ്രസിന് നാഥനില്ല
 
v d
ഭരണവിവാദങ്ങളും മന്ത്രിമാർ–ഉദ്യോഗസ്ഥർ പോരും നിയമനങ്ങളിലെ അനിശ്ചിതത്വവും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു; കെ.പി.സി.സി അധ്യക്ഷനില്ലാത്തത് കോൺഗ്രസിനും തിരിച്ചടി

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ അധികാരത്തിലെത്തി ആറുമാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഭരണരംഗത്തെ വിവാദങ്ങളും പാർട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. വിവിധ വകുപ്പുകളിലുണ്ടാകുന്ന തർക്കങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നതകളും തുടർച്ചയായ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിരോധിക്കേണ്ട കോൺഗ്രസ് സംവിധാനമാകട്ടെ നിർജീവമായ അവസ്ഥയിലാണ്.

ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ മാത്രമല്ല, സർക്കാരിന്റെ ഏകോപനത്തെയും ബാധിക്കുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് വൈദ്യുതിമന്ത്രിയായതോടെ പുതിയ അധ്യക്ഷനെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും ദേശീയ നേതൃത്വം ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തത് സംസ്ഥാന കോൺഗ്രസിൽ നേതൃത്വപ്രതിസന്ധി രൂക്ഷമാക്കുന്നു.

പാർട്ടിക്കും സർക്കാരിനുമിടയിൽ ശക്തമായൊരു ഏകോപന സംവിധാനം ഇല്ലാത്തത് മന്ത്രിമാരുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. മന്ത്രിമാർ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുകയും അത് പിന്നീട് വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യം പതിവാകുന്നു. ചില മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കുപോലും വേണ്ടത്ര നിയന്ത്രണം ചെലുത്താൻ കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്.

കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നതിലെ കാലതാമസത്തിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന വിലയിരുത്തലും കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തമാണ്. സംസ്ഥാനതലത്തിൽ പാർട്ടിക്ക് ഫലപ്രദമായ നേതൃത്വം ഇല്ലാത്തതിനാൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ള താഴെത്തട്ടിലെ പ്രവർത്തകർക്ക് പരാതികൾ ഉന്നയിക്കാനും പരിഹാരം തേടാനും വ്യക്തമായ സംവിധാനമില്ലാത്ത അവസ്ഥയാണ്.

സംസ്ഥാന വിഷയങ്ങളിൽ പ്രതികരണം തേടി പലപ്പോഴും കെ.സി. വേണുഗോപാലിനെ സമീപിക്കേണ്ടിവരുന്നത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ബന്ധത്തെച്ചൊല്ലിയും കോൺഗ്രസ് പ്രതിരോധത്തിലാകുന്നു. ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങുന്നുവെന്ന ബിജെപിയുടെ പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാനും പാർട്ടിക്ക് കഴിയുന്നില്ല.

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ പോര്

സർക്കാരിന്റെ പ്രതിച്ഛായയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നതകളാണ്. ആറുമാസത്തിനിടെ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് മന്ത്രിമാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സ്ഥാനചലനം ഉണ്ടായത്. മന്ത്രിമാരെ അറിയിക്കാതെ ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുത്തുവെന്ന പരാതികളാണ് പല സംഭവങ്ങളിലും ഉയർന്നത്.

ഗതാഗതവകുപ്പിലാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഓൺലൈൻ പരിഷ്കരണ നടപടികൾ മന്ത്രിയെ അറിയിക്കാതെ നടപ്പാക്കിയെന്ന ആരോപണത്തെ തുടർന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഗതാഗത കമ്മീഷണർ സി. നാഗരാജുവിനെ സ്ഥാനത്തുനിന്ന് മാറ്റി.

ആരോഗ്യവകുപ്പിലും സമാനമായ തർക്കമുണ്ടായി. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകിപ്പിച്ചെന്നാരോപിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫുമായി മന്ത്രി കെ. മുരളീധരൻ ഇടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥയെ ഗതാഗതവകുപ്പിലേക്ക് മാറ്റി.

വൈദ്യുതിവകുപ്പിലുണ്ടായ വിവാദം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യത്തെ മന്ത്രി സണ്ണി ജോസഫ് തൽസ്ഥാനത്തുനിന്ന് മാറ്റിയത് വലിയ ചർച്ചയായി. ജി.എൻ.എ എനർജി എന്ന സ്വകാര്യ പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രാജമാണിക്യം റിപ്പോർട്ട് നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് സൂചന. വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയെങ്കിലും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധം ഉണ്ടായില്ല.

പൊതുവിദ്യാഭ്യാസവകുപ്പിലും മന്ത്രിയും ഉദ്യോഗസ്ഥനും തമ്മിൽ ഭിന്നതയുണ്ടായി. അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് മന്ത്രിയെ അറിയിക്കാതെ ഉത്തരവിറക്കിയെന്നാരോപിച്ച് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ സ്പെഷ്യൽ സെക്രട്ടറി ഡി. സജിത്ത് ബാബുവിനോട് അതൃപ്തി പ്രകടിപ്പിച്ചു. വിവാദമായ ഉത്തരവ് പിന്നീട് പിൻവലിക്കുകയും സജിത്ത് ബാബുവിനെ ചുമതലയിൽനിന്ന് മാറ്റുകയും ചെയ്തു. തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയെയും വകുപ്പിൽനിന്ന് മാറ്റി.

ആഭ്യന്തര–എക്സൈസ് വകുപ്പുകളിലും വിവാദങ്ങൾ

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട വിവാദം ആഭ്യന്തരവകുപ്പിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കി. ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ജഡ്ജിക്ക് അനുകൂലമായി ഇടപെട്ടുവെന്ന ആരോപണം ശക്തമായിരുന്നു. സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി.

എക്സൈസ് വകുപ്പിലെ വിവാദങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മന്ത്രി എം. ലിജുവും എക്സൈസ് കമ്മീഷണറായിരുന്ന സീറാം സാംബശിവ റാവുവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സർക്കാർ നയത്തിന് വിരുദ്ധമായി പുതിയ മദ്യശാലകൾക്ക് അനുമതി നൽകിയെന്നും 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളിൽ വിൽക്കാൻ അനുമതി നൽകിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതേത്തുടർന്ന് കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റി.

പടിയിറങ്ങുന്നതിന് മുമ്പ് മന്ത്രിക്കെതിരെ പരോക്ഷമായ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥൻ നൽകിയതായും വിവരമുണ്ട്. വിവാദം മുഖ്യമന്ത്രിയെയും അസ്വസ്ഥനാക്കിയെന്നാണ് റിപ്പോർട്ടുകൾ. എക്സൈസ് നയത്തെച്ചൊല്ലിയുള്ള തർക്കം സർക്കാരിന്റെ ഭരണപരമായ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്നതായി.

ആരോഗ്യം, വൈദ്യുതി, ആഭ്യന്തരം, എക്സൈസ് തുടങ്ങിയ നിർണായക വകുപ്പുകളിൽ തുടർച്ചയായി ഉയരുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമ്പോഴും അതിനെ നേരിടാൻ കോൺഗ്രസ് സംഘടനാ സംവിധാനം കാര്യമായി ഇടപെടുന്നില്ലെന്നതാണ് ശ്രദ്ധേയം.

ബോർഡുകളിലും അക്കാദമികളിലും ഭരണസ്തംഭനം

ഭരണവിവാദങ്ങൾക്കു പുറമേ വിവിധ ബോർഡുകളിലും കോർപറേഷനുകളിലും ചെയർമാൻമാരെ നിയമിക്കാത്തതും സർക്കാരിന് തിരിച്ചടിയാകുന്നു. അധികാരത്തിലെത്തി ആറുമാസത്തോടടുക്കുമ്പോഴും സംസ്ഥാനത്തെ പ്രധാന ബോർഡുകളിലും കോർപറേഷനുകളിലും പുതിയ അധ്യക്ഷൻമാരെ നിയമിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഇതോടെ പല സ്ഥാപനങ്ങളിലും പ്രധാന തീരുമാനങ്ങളെടുക്കാനാകാതെ ഭരണപരമായ സ്തംഭനാവസ്ഥ തുടരുകയാണ്.

സാംസ്കാരിക സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചലച്ചിത്ര അക്കാദമിയിൽ മാത്രമാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽ ചെയർമാനെയും സെക്രട്ടറിയെയും മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഫോക്‌ലോർ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇപ്പോഴും പൂർണമായ ഭരണനേതൃത്വമില്ലാതെയാണ് പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര സാഹിത്യോത്സവം ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ സംഘടിപ്പിക്കേണ്ട കേരള സാഹിത്യ അക്കാദമിക്ക് ഇതുവരെ ഭരണസമിതി രൂപീകരിക്കാൻ കഴിയാത്തത് സാംസ്കാരിക മേഖലയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണ്.

സർക്കാരിന് മുന്നിൽ വെല്ലുവിളി

ആറുമാസത്തെ ഭരണത്തിനിടെ ഉയർന്നുവന്ന വിവാദങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകാത്ത സാഹചര്യമാണുള്ളത്. ഭരണതലത്തിലെ ഏകോപനമില്ലായ്മയും മന്ത്രിമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലുകളും രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവവും ചേർന്ന് സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്നതിനൊപ്പം സ്വന്തം ഭരണസംവിധാനത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബാധ്യതയും സർക്കാരിനുണ്ട്. മന്ത്രിമാരെ ഏകോപിപ്പിക്കാനും പാർട്ടിയും ഭരണവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺഗ്രസിന് കഴിയുമോ എന്നതാണ് ഇനി നിർണായക ചോദ്യം.

ആറുമാസം പിന്നിടുമ്പോൾ സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുക മാത്രമല്ല, തുടർച്ചയായ വിവാദങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായാ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കുക കൂടിയാണ്. അതിന് ആദ്യം കോൺഗ്രസ് സ്വന്തം സംഘടനാപരമായ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടിവരും.