സമൂഹത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് അനിവാര്യം: വനിത കമ്മിഷന്‍
യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരികയാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച വനിത കമ്മിഷന്‍ ജില്ലാതല അദാലത്തിലെ ആദ്യ ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നില്‍ വന്നിട്ടുള്ള പരാതികളില്‍ ഏറെയും.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇരുവരും കൗണ്‍സിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വനിത കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണെന്നാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ സ്ഥിരമായി കൗണ്‍സിലിങ്ങിനുള്ള സംവിധാനമുണ്ട്. എറണാകുളത്തെ റീജിയണല്‍ ഓഫീസിലും കൗണ്‍സിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്‍ പ്രതിമാസ സിറ്റിങ്ങില്‍ കൗൺസിലർ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിമുഖത കാട്ടുന്ന മക്കള്‍ക്കെതിരെ നിരവധി പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ ലഭിക്കുന്നത്.
സിനിമ ഷൂട്ടിങ്ങിനിടെ വൈദ്യുതാഘാതമേറ്റ് പരുക്കേറ്റ സ്ത്രീക്ക് തുടര്‍ ചികിത്സ ആവശ്യമായി വന്നതു സംബന്ധിച്ച പരാതിയിൽ ചികിത്സാ ചെലവുകള്‍ നിര്‍മ്മാതാവ് വഹിക്കണമെന്ന തീരുമാനത്തില്‍ പ്രശ്‌നം പരിഹരിച്ചു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയില്‍ എതിര്‍കക്ഷി തട്ടിയെടുത്ത പണം കമ്മീഷന് മുന്‍പാകെ തിരികെ നല്‍കി.
സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതത് തൊഴിലിടങ്ങളില്‍ തന്നെ പരിഹരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ആഭ്യന്തര പരാതി പരിഹാരത്തിലൂടെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒത്തുതീര്‍പ്പാക്കുന്നുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
അദാലത്തിന്റെ ആദ്യ ദിവസം 59 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 15 എണ്ണം തീര്‍പ്പാക്കി. നാലു പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാക്കിയുള്ളത് അടുത്ത അദാലത്തിലേക്കു മാറ്റി. അദാലത്ത് വെള്ളിയാഴ്ച്ചയും തുടരും.
വനിത കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവരും പരാതികള്‍ പരിഗണിച്ചു. ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മിഷന്‍ കൗണ്‍സിലര്‍ ടി.എം. പ്രമോദ്, ആല്‍ബിറ്റ മേരി അവറാച്ചന്‍, കൊച്ചി സിറ്റി വനിതാ സെല്‍ എഎസ്‌ഐ ടി.നിഷ മോള്‍ എന്നിവര്‍ പങ്കെടുത്തു.