വിലക്കയറ്റം രൂക്ഷം, ജന ജീവിതം പ്രതിസന്ധിയില്‍, സപ്ലൈകോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

 ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവരെ കുറിച്ച് പറയേണ്ട സമയത്ത് കൃത്യമായി പറയും
 
V D

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി എന്നിവ കൂട്ടിയതും സാധാരണക്കാരുടെ ജീവിതത്തില്‍ ദുരിതമായി മാറുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടു മാസത്തിനിടെ റോക്കറ്റ് പോലെ കുതിക്കുകയാണ്. വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും നടക്കുന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് പറയുന്നത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ ഓണക്കാലം കഴിഞ്ഞ ശേഷമെ സാധനങ്ങള്‍ ലഭിക്കൂ. സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ പോലും സപ്ലൈകോയില്‍ ലഭ്യമല്ല. ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടല്ല. 

ഇഞ്ചി വില രണ്ടു മാസം മുന്‍പ് 150 രൂപയായിരുന്നത് 250- 300 വരെ ഉയര്‍ന്നു. 
തക്കാളി വില 35 രൂപയായിരുന്നത് 120 രൂപയായി. ചെറിയ ഉള്ളി 35 രൂപയായിരുന്നത് 120 രൂപയായി. പച്ചമുളക് 60 രൂപയായിരുന്നത് നൂറ് രൂപയോടടുത്തു. 
ജീരകം 500 രൂപയായിരുന്നത് 650 രൂപയായി. മുളക് 240 രൂപയായിരുത് 310 രൂപയായി. കടല 120 രൂപയായിരുന്നത് 141 രൂപയായി. ഇത്തരത്തില്‍ ഓരോ സാധനങ്ങളുടെയും വില ഗണ്യമായി വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ചെലവ് 5000 രൂപയില്‍ നിന്നും പതിനായിരമായി വര്‍ധിച്ചു. 

ഇന്ധന സെസ് കൂട്ടിയാല്‍ വില്‍പന കുറയുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സംസ്ഥാനത്ത് ഡീസല്‍ വില്‍പന കുറഞ്ഞെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ധന വില്‍പന കുറഞ്ഞതോടെ സര്‍ക്കാരിന് കിട്ടേണ്ട വരുമാനം കുറഞ്ഞു. അതിര്‍ത്തികളില്‍ നിന്നും പരമാവധി ഡീസല്‍ അടിച്ച ശേഷമാണ് ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുന്നത്. സെസ് കൂട്ടിയത് തെറ്റായ തീരുമാനമാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതാണ് ഇന്ധന വില്‍പനയിലെ കുറവ്. ഇന്ധനവില കൂടിയതോടെ പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. ജനങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. 


ഒണക്കിറ്റ് എല്ലാവര്‍ക്കും നല്‍കില്ലെന്നത് മാധ്യമ വാര്‍ത്തയാണ്. സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പക്ഷെ കിറ്റ് നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലല്ല സര്‍ക്കാര്‍. കിറ്റ് മാത്രമല്ല ഓണത്തിന് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സപ്ലൈകോ. 3400 കോടിയോളം രൂപയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് സംഭവിച്ചത് തന്നെയാണ് സപ്ലൈകോയെയും കാത്തിരിക്കുന്നത്. വിപണി ഇടപെടലിന് പോലും പറ്റാത്ത അവസ്ഥയിലാണ് സപ്ലൈകോ. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിന് മുഖ്യമന്ത്രി ഇടപെടാത്തത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി വിലക്കയറ്റമൊന്നും അറിയുന്നില്ലേ? 


സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. എന്നിട്ടും എല്ലാ മറച്ചുവയ്ക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ചതോടെ സ്വര്‍ണത്തില്‍ നിന്നുള്ള നികുതിയും കുറഞ്ഞു. കള്ളക്കടത്ത് നിയന്ത്രിക്കാനും സമാന്തര വിപണി ഇല്ലാതാക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജി.എസ്.ടിക്ക് അനുകൂലമായി നികുതി ഭരണ സംവിധാനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളെല്ലാം മാറിയിട്ടും കേരളം അതിന് തയാറായില്ല. ഇപ്പോള്‍ നടത്തിയ പുനസംഘടന പരിതാപകരമായ അവസ്ഥയിലാണ്. നികുതി വെട്ടിപ്പ് നടക്കുമ്പോഴും ജി.എസ്.ടി വകുപ്പും സര്‍ക്കാരും നോക്കുകുത്തിയായി ഇരിക്കുകയാണ്. കടമെടുക്കുന്നതല്ലാതെ നകുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇങ്ങനെ പോയാല്‍ ഓണക്കാലത്ത് വിപണിയില്‍ തീവിലയായിരിക്കും. ഓണക്കാലത്ത് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന ഒരു ഉറപ്പും സപ്ലൈകോയ്ക്കില്ല. ജീവിതം ദുരിതപൂര്‍ണമായ സാധാരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ അതിനെതിരായ പ്രക്ഷോഭം യു.ഡി.എഫ് ശക്തമാക്കും. ഈ മാസം 31 മുതല്‍ യു.ഡി.എഫും കെ.പി.സി.സിയും പ്രഖ്യാപിച്ച സമരം കൂടതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകും. 

പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞ മുന്നറിയിപ്പുകളൊക്കെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നികുത പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ജി.എസ്.ടി സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ നികുതി വരുമാനത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ജി.എസ്.ടി വകുപ്പിലെ ബഹുഭൂരിപക്ഷത്തിനും ഒരു പണിയുമില്ല. പരിശോധനകള്‍ പോലും നടക്കുന്നില്ല. നികുതി പിരിവില്‍ ഇത്രത്തോളം പരാജയപ്പെട്ടൊരു കാലം ഉണ്ടായിട്ടില്ല. വരുമാനം ഇല്ലാത്തപ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ഒരു കുറവുമില്ല. എ.ഐ ക്യാമറ ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുകളൊക്കെ അഴിമതിക്ക് വേണ്ടി മറികടന്നു. ധനകാര്യ വകുപ്പ് പരിശോധിച്ചാല്‍ തന്നെ മന്ത്രിസഭാ യോഗം ചേര്‍ന്ന് അത് ഒഴിവാക്കിക്കൊടുക്കും. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. 


ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള അനുശോചന യോഗം തിരുവനന്തപുരത്ത് നടത്തണമെന്നും അതിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും മത നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ക്ഷണിക്കണമെന്നതും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ചേര്‍ന്ന് ഏകണ്ഠമായി എടുത്ത തീരുമാനമാണ്. ഉമ്മന്‍ ചാണ്ടിയെ പോലുള്ള ഒരു നേതാവിന്റെ അനുസ്മരണസമ്മേളനത്തിന്റെ പേരില്‍ ഒരു വിവദത്തിന്റെയും ആവശ്യമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആളായിരുന്നു ഉമ്മന്‍ ചാണ്ടി. അതുകൊണ്ടാണ് എല്ലാവരെയും അദ്ദേഹത്തിന്റെ പേരിലുള്ള അനുസ്മരണത്തിലേക്ക് ക്ഷണിച്ചത്. അതിന്റെ പേരില്‍ ഒരു തര്‍ക്കത്തിന്റെയും ആവശ്യമില്ല. 

അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയ വിഷയങ്ങളെല്ലാം ജനമധ്യത്തിലുണ്ട്. അതേക്കുറിച്ച് ഞങ്ങളും ചര്‍ച്ച ചെയ്യും. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇക്കാര്യം നിയമസഭയില്‍ ഞാന്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വേട്ടയാടപ്പെട്ട ഒരാളാണ് ഉമ്മന്‍ ചാണ്ടി. അതിന്റെ ഒരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സത്യം വിജയിക്കുമെന്ന് എപ്പോഴും പറയാറുള്ള ആളായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് എതിരായ കേസുകളിലെല്ലാം സത്യം വിജയിക്കുകയും ചെയ്തു. അദ്ദേഹത്തെ വേട്ടയാടിയ ആളുകളെല്ലാം തുറന്നു കാട്ടപ്പെട്ടു. ഇതൊക്കെ കേരളത്തില്‍ നടന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതെല്ലാം പറയേണ്ട സമയത്ത് പറയും. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള അനുസ്മരണ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന് അനുസരിച്ചുള്ള തീരുമാനം എടുത്തത്. ഇപ്പോള്‍ ഒരു തീരുമാനമെ പാര്‍ട്ടിക്കൂള്ളൂ. 

ഉമ്മന്‍ ചാണ്ടിയുടെ മരണം ഞങ്ങളിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ആ സങ്കടങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ഞങ്ങള്‍ മോചിതരായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല, മനുഷ്യര്‍ കൂടിയാണ്. ഞങ്ങളുടെ നേതാവായി ഞങ്ങളുടെ ഒപ്പം എല്ലാക്കാലത്തും കുടുംബാംഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ വേര്‍പാട് നിസാരമല്ല. അതില്‍ നിന്നും ഞങ്ങള്‍ മോചിതരാകുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ കല്ലറ അടച്ചതിന്റെ പിറ്റേ ദിവസം രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് കൃത്യമായി പറഞ്ഞിരിക്കും. ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററുടെ വെളിപ്പെടുത്തലൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം.  

എന്റെ ഓഫീസിലെ ഒരാള്‍ നിലവാരം കുറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ ആദ്യം അയാള്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ അയാള്‍ ആ സ്ഥാനത്തുണ്ടാകില്ല. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ ചുറ്റും ഇരിക്കുന്നവരുടെ നിലവാരം എന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളവരുടെ നിലവാരം ഇതാണെന്ന് ജനങ്ങള്‍ അളക്കും. 

മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാകും. ആ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രസിഡന്റാണ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന നേതൃത്വം പേര് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കും. ആ പേര് തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാധ്യമങ്ങള്‍ ദയവ് ചെയ്ത് ഞങ്ങള്‍ക്ക് തരണം. തൃക്കാക്കരയിലേത് പോലെ പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഒന്നോ രണ്ടോ പേരെടുക്കുന്ന തീരുമാനമല്ല. കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും അത്തരമൊരു ചര്‍ച്ച നടക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് നേരിടുന്നതിന് ആവശ്യമായ സംഘടനാസംവിധാനങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. 

360 പേര്‍ക്കാണ് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. അതില്‍ 50 പേരുടെ ഉപകരണങ്ങള്‍ നന്നാക്കേണ്ട സമയമാണിത്. അതിന് സര്‍ക്കാര്‍ അടിയന്തിരമായി സഹായിക്കണം. ഉമ്മന്‍ ചാണ്ടി കൊണ്ടു വന്ന പദ്ധതിയിലൂടെ 36 കുട്ടികള്‍ക്കാണ് സംസാരിക്കാനും കേള്‍ക്കാനുമുള്ള സാഹചര്യമുണ്ടായത്. ആ പാവങ്ങള്‍ക്ക്  മുന്നില്‍ സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ശരിയല്ല. ആഘോഷങ്ങള്‍ക്കും വിദേശ യാത്രകള്‍ക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനും കെ ഫോണ്‍ ഉദ്ഘാടനത്തിനുമൊക്കെ കോടികളാണ് ധൂര്‍ത്തടിച്ചത്. ഇതിന്റെ പകുതി പണം മതി 50 കുട്ടികളുടെ ഉപകരണങ്ങള്‍ നന്നാക്കാന്‍. കുഞ്ഞുങ്ങളോട് സര്‍ക്കാര്‍ ദയാരഹിതമായി പെരുമാറരുത്. 


ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന് നടക്കും. കോഴിക്കോട്ടെ കെ.പി.സി.സി പരിപാടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അക്രമങ്ങളുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണ്. അക്രമങ്ങള്‍ക്ക് കാരണക്കാരനായ മുഖ്യമന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. അപമാനഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ട തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരിലുണ്ടാകുന്നത്. വംശഹത്യ നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫും കെ.പി.സി.സിയും കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും. 

മണിപ്പൂരിലെ സംഭവങ്ങളെ വി മുരളീധരന്‍ ഇപ്പോഴും ന്യായീകരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ രൂക്ഷമായി ആക്രമിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് ക്രൈസ്തവരാണ്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളുടെയും ദേവാലയങ്ങള്‍ ആക്രമിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതും. സര്‍ക്കാരാണ് കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരിക്കുന്നത്. 

മുതലപ്പൊഴി വിഷയം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ മരിച്ചവരുടെ എണ്ണത്തെ ചൊല്ലി മന്ത്രി സജി ചെറിയാന്‍ തര്‍ക്കിച്ചു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് പിറ്റേ ദിവസം സമ്മതിച്ചു. അടിയന്തിരമായി നടപടി എടുക്കുമെന്ന് പറഞ്ഞ് ഒരു വര്‍ഷമായിട്ടും ചെറുവിരല്‍ അനക്കിയില്ല. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് സാമാമ്യഗ്രാഹ്യം പോലും വകുപ്പ് മന്ത്രിക്ക് ഇല്ലാത്തത് ലജ്ജാകരമാണ്. അവിടെയുള്ളവര്‍ക്ക് മറ്റു പണിയൊന്നും അറിയില്ല. അവരുടെ കടലിലേക്കുള്ള യാത്ര സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന രണ്ട് മന്ത്രിമാര്‍ക്കെതിരെ തീരപ്രദേശത്തെ ജനങ്ങളെ ഇളക്കി വിട്ടത് പ്രതിപക്ഷ നേതാവെന്നാണ് ആരോപിച്ചത്. ആര് ചെന്നാലും അവര്‍ പ്രതിഷേധം പ്രകടിപ്പിക്കും. അവരെ ആശ്വസിപ്പിക്കുന്നതിന് പകരം ഷോ കാണിക്കരുതെന്നല്ല മന്ത്രി അവരോട് പറയേണ്ടത്. ആനപ്പുറത്ത് ഇരിക്കുമ്പോള്‍ താഴെക്കൂടി പോകുന്ന മനുഷ്യരെ കാണാതെ പോകരുത്. കാണുന്നില്ലെങ്കില്‍ ലെന്‍സ് വച്ചെങ്കിലും നോക്കണം.