പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി എം. പി.
പ്രിയദർശിനി ടീ ഫാക്ടറിയുടെ ആധുനികവത്കരണത്തിനായി ലഭിച്ച 2.07 കോടി രൂപയുടെ സി.എസ്.ആർ. പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. പ്രിയദർശിനി ടീ എസ്റ്റേറ്റിൽ കളക്ടർ ചെൽസ സിനി ഐ.എ.എസും പ്രിയദർശിനി സൊസൈറ്റിയുടെ എം.ഡി. കൂടിയായ സബ് കളക്ടർ അതുൽ സാഗർ ഐ. എ. എസ്. കൂടി പങ്കെടുത്ത അവലോകന യോഗത്തിൽ വച്ചാണ് പ്രിയങ്ക ഗാന്ധി എം.പി. നീരസം പ്രകടിപ്പിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫാക്ട്ടറി സന്ദർശിച്ചപ്പോഴാണ് ഫാക്ടറിയുടെ ശോചനീയവസ്ഥയും തൊഴിലാളികളുടെ ദുരവസ്ഥയും പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ അവതരിപ്പിച്ചത്. പഴയ യന്ത്രങ്ങൾ മാറ്റി പുതിയവ മേടിച്ചാൽ ഉദ്പാദനം കൂട്ടാമെന്നും ഫാക്ട്ടറി ലാഭാകരമായി പ്രവർത്തിക്കാൻ കഴിയുമെന്നും അവരെ അറിയിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരം 2.07 കോടി രൂപയുടെ പദ്ധതി രേഖ അവർക്ക് നൽകുകയും കഴിഞ്ഞ മാർച്ച് മാസം പ്രിയങ്ക ഗാന്ധി മുൻകൈയെടുത്ത് മുഴുവൻ തുകയും ലഭ്യമാക്കുകയും ചെയ്തു. എന്നാൽ 8 മാസം കഴിഞ്ഞിട്ടും പദ്ധതിയിൽ ഒരു പുരോഗതിയുമില്ലാത്തത് ഖേദകരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പുതിയ മെഷീനുകൾക്കുള്ള റീ ടെണ്ടർ ഈ മാസം 19 ന് തുറക്കുമെന്നും അടുത്ത മാർച്ച് മാസം കൊണ്ട് മെഷീനുകൾ സ്ഥാപിച്ച് ഫാക്ട്ടറി പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എം.ഡി. യോഗത്തിൽ അറിയിച്ചു. സോസൈറ്റി ലാഭകരമാക്കാൻ ടൂറിസം സാധ്യതകൾ ഉൾപ്പടെ ഉപയോഗപ്പെടുത്താൻ പദ്ധതിയുള്ളതായും എം.ഡി. പറഞ്ഞു.
തൊഴിലാളികളുമായി കൂടി ആശയവിനിമയം നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ കളക്ടർക്ക് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. തൊഴിലാളികളുടെ പി. എഫ്. കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ തൊഴിലാളികൾ യോഗത്തിൽ ഉന്നയിച്ചു
