മലയാളി അച്ഛന്റെ ഓർമ്മയിൽ ചെറുവയൽ രാമന്റെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

 
PVG

അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം.പി. വീണ്ടുമെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു പ്രിയങ്ക ഗാന്ധി ആദ്യമായി രാമേട്ടന്റെ വീട്ടിൽ എത്തിയത്. ഏറെ വാത്സല്യത്തോടെ രാമേട്ടൻ അന്ന് പ്രിയങ്കയെ സ്വീകരിച്ചത് തന്റെ സ്വന്തം മകൾ എന്ന് പറഞ്ഞാണ്. രാമേട്ടനെ പ്രിയങ്ക തന്റെ മലയാളി അച്ഛൻ എന്ന് തന്നെ പറഞ്ഞ് ചേർത്ത് പിടിച്ചു. അന്ന് നെൽവയലിലൂടെ രാമേട്ടന്റെ കൈ പിടിച്ച് നടക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. 

രാമേട്ടന് ഉമ്മൻ ചാണ്ടി കർഷക പുരസ്‌കാരം ലഭിച്ചപ്പോഴാണ് അവസാനമായി ഇരുവരും സംസാരിച്ചത്. കഴിഞ്ഞ മാസം പ്രിയങ്ക ഗാന്ധി വരുമ്പോൾ രാമേട്ടന് നേരിട്ട് കാണണമെന്ന് പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഡൽഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം വെട്ടി ചുരുക്കിയതിനാൽ രാമേട്ടനെ കാണാൻ കഴിഞ്ഞില്ല. അന്ന് പ്രിയങ്ക ഗാന്ധിക്ക് കൊടുക്കാൻ രാമേട്ടൻ കരുതി വച്ച കുരുമുളകും ഏലവും ഉൾപ്പടെ രാമേട്ടന്റെ ഭാര്യ ഗീത ഇന്ന് പ്രിയങ്ക ഗാന്ധിക്ക് കൈമാറിയത് വൈകാരികമായി. മക്കളായ രമണി, രമേശൻ, രാജേഷ്, രജിത, മരുമക്കളായ തങ്കമണി, രജിത, ഉണ്ണികൃഷ്ണൻ അടക്കമുള്ള ബന്ധുക്കളും സന്നിഹിതരായിരുന്നു. 

മന്ത്രി ടി. സിദ്ദിഖ്, ഉഷ വിജയൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ടി. ജെ. ഐസക് എന്നിവരും ഒപ്പമുണ്ടായിരുന്നു.