ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ക്രിമിനല്‍ ഗുഢാലോചനയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: യുഡിഎഫ്

ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ക്രിമിനല്‍ ഗുഢാലോചനയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: യുഡിഎഫ്
 
UDF

സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വ്യക്തമായ ക്രിമിനല്‍ ഗുഢാലോചന നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും ഗണേഷ്‌കുമാറും ഉള്‍പ്പെടെയുള്ളവര്‍ ഗുഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായിരിക്കുന്നു. ഈ ക്രിമിനല്‍ ഗുഢാലോചനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എല്‍ഡിഎഫില്‍ ചേക്കേറിയ വഞ്ചകനാണ് ഗണേഷ്‌കുമാര്‍. ഗണേഷ്‌കുമാറിനെ യുഡിഎഫില്‍ എടുക്കില്ലെന്നും ഹസന്‍ വ്യക്തമാക്കി. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ശരിയാണെന്ന് പുതുപ്പള്ളി ജനവിധി വ്യക്തമാക്കുന്നു. പുതുപ്പള്ളി ജനവിധിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ സമരപരിപാടികള്‍ യുഡിഎഫ് നടത്തും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ പത്തു മുതല്‍ പതിനഞ്ചുവരെ എല്ലാ പഞ്ചായത്തുകളിലും മുഖ്യമന്ത്രിയുടെ രാജി, വിലക്കയറ്റം, അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം തേടിക്കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളണ്ടിയര്‍മാര്‍ അതത് പഞ്ചായത്തുകളില്‍ ഈ ദിവസങ്ങളില്‍ പദയാത്ര നടത്തും. ഒക്‌ടോബര്‍ 18ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പതിനായിരം പേരെ ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.