ചോദ്യങ്ങൾ പെരുമഴയായി, കുരുന്നുകൾക്കൊപ്പം അനുഭവങ്ങൾ പങ്കുവച്ച് നടി ദർശന രാജേന്ദ്രൻ

 
child

പെരുമഴ പോലെ പെയ്തിറങ്ങിയ കുട്ടി ചോദ്യങ്ങൾക്കു മുമ്പിൽ ലേഡീ സ്റ്റാറിന് ഉത്സാഹം. കുഞ്ഞുവായിലെ വലിയ വർത്തമാനങ്ങൾക്ക് ഉരുളയ്ക്കുപ്പേരിപോലെ മറുപടിയും തട്ടി താരം ചിരിച്ചു മറിഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ഏപ്രിൽ മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന കിളിക്കൂട്ടം-2024 കുട്ടികളുടെ മാനസികോല്ലാസ അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംവദിക്കുകയായിരുന്നു നടി ദർശന രാജേന്ദ്രൻ.


‘ജയ ജയ ജയ ജയ ഹേ’ സിനിമയിൽ അവസരം കിട്ടിയപ്പോൾ സന്തോഷി ച്ചെങ്കിലും അഭിനയം തുടക്കത്തിൽ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ശാരീരിക പ്രശ്നങ്ങളും പരിക്കുകളും സ്ഥിരമായിരുന്നു. കാലൊടിഞ്ഞ് പൊങ്ങാനാകാത്ത കാലുവച്ചായിരുന്നു സംഘട്ടന സീനുകൾ ഉൾപ്പെടെ അഭിനയിച്ചത്. പിന്നെ ഇടതുകാലിനു പകരം വലതു കാൽവച്ചായിരുന്നു അഭിനയം. ക്യാമ്പംഗം ദേവയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദർശന. ഇഷ്ടമുള്ള ജോലി ചെയ്യുമ്പോൾ അവ ബുദ്ധിമുട്ട് ഉണ്ടെങ്കിലും സന്തോഷപ്രദമായിരിക്കുമെന്ന് നടി കൂട്ടിച്ചേർത്തു. താനഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ഇതാണ്. ഇതിലെ കഥാപാത്രമായി മാറാൻ കരാട്ടെ പഠിച്ചിരുന്നില്ല സിനിമയ്ക്കു വേണ്ടി രണ്ടു മാസം മാർഷ്വൽ ആർട്ട്സ് അഭ്യസിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.


പുതു തലമുറ പഠിത്തത്തിലെ പോലെ പ്രാധാന്യം കല അഭ്യസിക്കുന്നതിനും സ്കൂൾ തലം മുതൽ തയ്യാറാകണം. നാടകാഭിനയത്തിൽ കൂടിയാണ് താൻ സനിമയിൽ എത്തിയത്. സിനിമ ഓരോ സീനുകളും വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വരുമ്പോൾ നാടകം നിശ്ചിത സമയം കൊണ്ട് വേദിയിൽ അഭിനയിച്ച് തീർക്കുകയാണ്. കുട്ടിക്കാലത്ത് ഡോക്ടർ, അദ്ധ്യാപിക ഇവയെല്ലാം ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. സിനിമയിൽ വന്നപ്പോൾ ഇവയെല്ലാം കഥാ പാത്രങ്ങളായി മാറാൻ അനായാസമായെന്ന് കുട്ടികളുടെ പൊട്ടിച്ചിരികൾ ക്കിടയിൽ ദർശന പറഞ്ഞു. അവധിക്കാലം കുട്ടികൾ മാനസ്സികോല്ലാസ നാളുകളാക്കണം. താൻ ചെറുതായിരുന്നപ്പോൾ വിദേശത്തായതിനാൽ ഡാൻസും പാട്ടുമൊക്കെ ഇഷ്ടമായിരുന്നെങ്കിലും അവിടെ അതിന് വേദിയില്ലായിരുന്നു. അവധി ക്കാലത്ത് നാട്ടിൽ വരുമ്പോൾ ആയിരുന്നു ഇതുപോലുള്ള ക്യാമ്പിൽ പങ്കെടുത്ത് നൃത്തവും നാടകവുമൊക്കെ അഭ്യസിച്ചു തുടങ്ങിയത്. കൽവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തും കുട്ടികളോപ്പം സെൽഫി എടുത്തും സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികളെ സന്ദർശിച്ചതിനു ശേഷമാണ് ദർശന രാജേന്ദ്രൻ മടങ്ങിയത്.
ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ. ജയപാൽ, ക്യാമ്പ് ഡയറക്ടർ എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു.  പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കാനുതകും വിധമാണ്   രണ്ടുമാസം നീണ്ടു നിൽക്കുന്ന അവധിക്കാല കൂട്ടായ്മയുടെ ലക്ഷ്യം. ഏപ്രിൽ 10 വരെ അഡ്മിഷൻ തുടരുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.