രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെ അവഹേളിച്ചു: വി.മുരളീധരൻ

 
murali

പാർലമെന്‍ററി മര്യാദകൾക്ക് നിരക്കാത്ത പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. "രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി "എന്ന് എവിടെയും പ്രതിപക്ഷ നേതാവ് പരാമർശിച്ചില്ല.  അപമാനകരമായ പരാമർശങ്ങളിൽ നൂറു കോടി  വരുന്ന ഹിന്ദുസമൂഹത്തോട് രാഹുൽ മാപ്പ് പറയണമെന്നും മുൻകേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ഹിന്ദുക്കൾ അക്രമികളും അസത്യവും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുമാണെന്ന് രാഹുലിനെ ആരാണ് പഠിപ്പിച്ചത് ? സഹിഷ്ണുതയുള്ള, സത്യവും ധർമവും മാർഗമാക്കിയ, എല്ലാവരേയും ഉൾക്കൊള്ളുന്ന മതമാണ് ഹിന്ദുമതം. രാഹുലിന്‍റെ പ്രസംഗം കേട്ട് കയ്യടിച്ച  കേരളത്തിൽ നിന്നുള്ള യുഡിഎഫ്- എൽഡിഎഫ് എംപിമാരും മാപ്പ് പറയണം.  ഹിന്ദു സമൂഹത്തിന്‍റെ വോട്ട് നേടി വിജയിച്ചവരാണ് രാഹുൽ ഗാന്ധിയെ  പ്രോത്സാഹിപ്പിച്ചതെന്നും വി.മുരളീധരൻ ഓർമിപ്പിച്ചു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് മൗനം പാലിച്ചു. ഇന്ത്യൻ പാർലമെന്‍റിൽ പലസ്തീന് ജയ് വിളിച്ചത് രാഹുൽ കേട്ടില്ലേ എന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു. 
മാവോയിസ്റ്റ് ആക്രമണങ്ങളും പാകിസ്ഥാൻ്റെ പ്രകോപനങ്ങളും രാഹുലിന് വിഷയമല്ല.

സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. സ്പീക്കർ അനുമതി നൽകാത്ത ചിത്രങ്ങൾ സഭയിൽ ഉയർത്തിയതും  ഭരണഘടനാ പദവി വഹിക്കുന്നയാൾക്ക് യോജിച്ച സമീപനമല്ല. 

രാഹുലിൻ്റെ പ്രസംഗം മുഴുവൻ അസത്യങ്ങളായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്ന അഗ്നിവീറുകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നത് വസ്തുതാവിരുദ്ധമാണ്. ഒരു കോടി രൂപയാണ് ഓരോരുത്തർക്കും  അനുവദിച്ചിട്ടുള്ളത്.  കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നില്ല എന്നതും പച്ചക്കള്ളമാണെന്ന് വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.