റിലയൻസ്-ഡിസ്നി ലയനം: പുതിയ സംയുക്ത സംരംഭം നിലവിൽ വന്നു; റിലയൻസ് 11,500 കോടി നിക്ഷേപിക്കും

നിതാ അംബാനി പുതിയ ചെയർഴ്സൺ
 
pix
രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറും

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും പുതിയ സംയുക്ത സംരംഭം രൂപിക്കാനുള്ള കരാറിൽ ഏർപ്പെട്ടു. റിലയൻസും ഡിസ്നിയും ചേർന്നുള്ള ലയനം പൂർത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമ സ്ഥാപനമാണ് പിറന്നിരിക്കുന്നത്. പുതിയ സംയുക്ത സംരംഭത്തിൽ  റിലയൻസ് 11500 കോടി രൂപ നിക്ഷേപിക്കും. നിത എം അംബാനി പുതിയ കമ്പനിയുടെ ചെയർപേഴ്സൺ ആകും.ഉദയ് ശങ്കറാണ് വൈസ് ചെയർപേഴ്സൺ.

ലയന കരാർ അനുസരിച്ച് ഈ സംയുക്ത സംരംഭത്തിന്റെ നിയന്ത്രണം റിലയന്‍സിന് ലഭിക്കും.  16.34 % റിലയന്‍സിനും 46.82% വയാകോം 18 നിനും  36.84 % ഡിസ്‌നിയ്ക്കും ഓഹരികൾ സ്വന്തമാകും.

 കളേഴ്സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ്, സ്റ്റാർ സ്പോർട്ട്സ്, സ്പോർട്ട്സ് 18 തുടങ്ങി  രാജ്യത്തെ നിരവധി മുൻനിര വിനോദ കായിക ചാനലുകൾ പുതിയ കമ്പനിയുടെ കീഴിൽ ഉണ്ടാകും. ജിയോ സിനിമ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒ ടി ടി പ്ലാറ്റ്ഫോമുകളും ഇതിന് കീഴിൽ വരും.

മൊത്തം 750 മില്യൺ കാഴ്ചക്കാരുടെ അടിത്തറയുമായാണ് പുതിയ മാധ്യമ കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. 

"ഇന്ത്യൻ വിനോദ വ്യവസായത്തിൽ നാഴികകല്ലായി പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതാണ് ഈ കരാർ.ഡിസ്നിയെ ലോകത്തെ ഏറ്റവും മികച്ച മാധ്യമ ഗ്രൂപ്പ് ആയി ഞങ്ങൾ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവരുമായി ചേർന്നുള്ള ഈ സംയുക്ത സംരംഭം ഞങ്ങളിൽ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. രാജ്യത്ത് ഉടനീളമുള്ള ജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ സമാനതകൾ ഇല്ലാത്ത ഉള്ളടക്കം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും." റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.