8 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

 
Veena_minister

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.