കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനം
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെയോടെ കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി.
നഗരത്തിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ച വൈകി കടുത്ത പുകയാണ് അനുഭവപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. ജില്ലാ ഭരണകൂടം നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് പുകപടലങ്ങൾ ദൃശ്യമായത്. വൈറ്റിലയ്ക്ക് പുറമെ പാലാരിവട്ടം, കലൂർ, ഇടപ്പള്ളി തുടങ്ങി നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി പുക നിറഞ്ഞിരുന്നു.
കൊവിഡിന് ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശം നൽകി. മുതിർന്നവരും കുട്ടികളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷം പകൽ സമയത്തും കൊച്ചി നഗരത്തിൽ പ്രതീക്ഷിക്കേണ്ടതാണ്.