മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു മുതൽ രക്ഷാപ്രവർത്തനം
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു മുതൽ 40 ടീമുകൾ ആറ് സോണുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും.
Zone 1 : അട്ടമല & ആറൻമല
Zone 2 : മുണ്ടക്കൈ
Zone 3 : പുഞ്ചിരിമട്ടം
Zone 4 : വെള്ളാർമല വില്ലേജ് റോഡ്
zone 5 : ജിവിഎച്ച്എസ്എസ് വെള്ളാർമല
Zone 6 : പുഴയുടെ അടിവാരം
പട്ടാളം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും, ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും.
40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും, നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരയും.
പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.
25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക.
25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ
നാളെ എത്തും . നിലവിൽ 6 നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നാലു കഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീൻ എന്നിവ ലഭ്യമാക്കും.