റോഡ് നിര്‍മാണം: ഉദ്യോഗസ്ഥ അലംഭാവമുണ്ടായാല്‍ പരിശോധിക്കും

 
PA

റോഡ് നിര്‍മാണ പ്രവൃത്തികളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 


സബ്മിഷനില്‍ ഉന്നയിച്ചിട്ടുള്ള എസ്.എന്‍ ജംഗ്ഷന്‍-പൂത്തോട്ട റോഡ് നാലുവരിപാത ആക്കുന്നതിന് 300 കോടി രൂപക്ക് തത്വത്തില്‍ ഭരണാനുമതിയും ഭൂമി ഏറ്റെടുക്കുന്നതിന് 450 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാനാണ് കിഫ്ബി തീരുമാനിച്ചിട്ടുള്ളത്. ഒന്നാം ഘട്ടം എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ പുത്തന്‍കാവ്  ജംഗ്ഷന്‍ വരെയും രണ്ടാം ഘട്ടം പുത്തന്‍കാവ്  ജംഗ്ഷന്‍   മുതല്‍ പൂത്തോട്ട വരെയുമാണ്.  ഇരുവശത്തും ഡ്രെയിനേജ്, ഫുട്ട്പാത്ത് ഉള്‍പ്പെടെ 22 മീറ്റര്‍ വീതിയില്‍ നാലുവരിയായി കിഫ്ബി മാനദണ്ഡങ്ങള്‍ പ്രകാരമാണ്  റോഡ് വികസനം നടത്താന്‍ ഉദ്ദേശിക്കുന്നത്.  

                            റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തി വിദഗ്ദ്ധ സമിതിയുടെ അംഗീകാരം നേടിയിട്ടുണ്ട്. 06.04.2024 -ല്‍ കിഫ്ബി ഉദ്യോഗസ്ഥര്‍  സ്ഥല പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം ബസ് ബേ, ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് എന്നിവ ഉള്‍പ്പെടുത്തി അലൈന്‍മെന്റ്  റിവൈസ് ചെയ്യുന്നതിന് കിഫ്ബിയില്‍ നിന്നും നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ട്. ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രകാരം DPR പുതുക്കി തയ്യാറാക്കുന്നതിനും അലൈന്‍മെന്റ് റിവിഷന്‍ ചെയ്യുന്നതിനുമായി  പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പദ്ധതിയുടെ DPR പുതുക്കുന്ന നടപടികള്‍ ഡിസൈന്‍ വിഭാഗത്തില്‍ പുരോഗമിക്കുന്നു. DPR-ഉം പുതുക്കിയ അലൈന്‍മെന്റും ലഭിക്കുന്ന മുറക്ക് അധികമായി വേണ്ടിവരുന്ന ഭൂമിക്ക് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്
     ഏരൂര്‍-കണിയാമ്പുഴ റോഡ് പ്രവ‍ൃത്തിക്ക്  10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ഈ പ്രവൃത്തിക്കായി സമര്‍പ്പിച്ച  റോഡ് അലൈന്‍മെന്റിന്   അംഗീകാരവും  നല്‍കിയിട്ടുണ്ട്. പ്രവൃത്തി നടപ്പിലാക്കുന്നതിനായി  എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ നടമ വില്ലേജില്‍ നിന്നും 463 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ)എന്‍.എച്ച് 3-ക്ക് അപ്പ്രൂവ്ഡ് അലൈന്‍മെന്റിന്റെ ഒര്‍ജിനല്‍ സ്കെച്ച്  കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.