ശബരിമല തീർത്ഥാടനം: പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി
 
sab

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും  സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുൻപ് നടന്ന യോഗത്തിൽ ഓരോ വകുപ്പുകളെയും ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 

 ശബരിമലയും ബന്ധപ്പെട്ട ഇടങ്ങളും വൃത്തിയോടെ സൂക്ഷിക്കണം. ഇതിൽ വിശുദ്ധിസേനാംഗങ്ങൾ നല്ല പ്രവൃത്തനം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അവരുടെ വേതനക്കാര്യം ദേവസ്വം ബോർഡ് അനുഭാവപൂർവം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ശബരിമലയിലെ വിർച്വൽ ക്യൂ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് ദേവസ്വം ബോർഡ് ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. എസ്. ആർ. ടി. സി ബസുകൾ ശബരിമലയിൽ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നൽകുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.

18 ക്യൂ കോംപ്ലക്‌സുകളാണ് ശബരിമലയിലുള്ളത്. ഇവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ യോഗത്തിൽ അറിയിച്ചു. തിരുപ്പതി മോഡൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടാം പടിക്ക് മുകളിൽ ഒരു ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഭണ്ഡാരത്തിന് മുന്നിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും. വലിയ സ്‌ക്രീനും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഭണ്ഡാരത്തിൽ നിന്ന് ഒരു എമർജൻസി എക്‌സിറ്റും ഉണ്ടാവും. പമ്പയിൽ വിരി വയ്ക്കാനുള്ള സൗകര്യം വേണമെന്ന് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.ഇതിൽ 36 എണ്ണം വനിതകൾക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്ട്രെച്ചറിൽ  ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ പത്തു പേർ വീതമുള്ള 3 ടീമുകൾ ഉണ്ടാകും.

നിലയ്ക്കലിൽ ക്‌ളോക്ക് റൂമും വിശ്രമമുറിയും 16 ആധുനിക ടോയിലറ്റുകളും ഈ സീസണിൽ ഉണ്ടാകും. ഏഴ് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിൽ നാലെണ്ണം പൂർത്തിയാകും. മാലിന്യ സംസ്‌കരണത്തിലും പ്രത്യേക ജാഗ്രത പുലർത്തും.

നടപ്പന്തലുകൾക്ക് മുകളിലേക്ക് വീണുകിടക്കുന്ന വൃക്ഷശിഖരങ്ങളും വള്ളിപ്പടർപ്പുകളും വനം വകുപ്പ് നീക്കം ചെയ്യും. ശബരിമലയിലേക്കുള്ള റോഡുകളിൽ മൈൽക്കുറ്റികൾ ഓരോ കിലോമീറ്റർ ഇടവിട്ട് സ്ഥാപിക്കുകയും അതിന് നമ്പർ നൽകുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ യോഗത്തിൽ പറഞ്ഞു. അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ സ്ഥലത്തെത്താൻ ഇത് സഹായിക്കും. കൂടുതൽ റിഫ്‌ളക്ടറുകളും സ്ഥാപിക്കേണ്ടതുണ്ട്. പമ്പാ നദിയിൽ ഓട്ടോമേറ്റഡ് റിവർ വാട്ടർ മെഷറിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് ഉചിതമാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ശബരിമല പാതയിലുള്ള ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ ഏർപ്പെടുത്തണമെന്നും കാർഡിയാക് കെയർ ആംബുലൻസുകൾ ഉണ്ടാവണമെന്നും എം. എൽ. എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കണമലയിൽ സ്ഥിരമായി അപകടമുണ്ടാകുന്നുണ്ടെന്നും ഈ വിഷയത്തിൽ ശ്രദ്ധയുണ്ടാകണമെന്നും ആന്റോ ആന്റണി എം. പി പറഞ്ഞു. കണമലയിൽ ആംബുലൻസ് സേവനം ഉറപ്പാക്കണമെന്നും അപകടം ഉണ്ടാവുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്യണമെന്നും ജനപ്രതിനിധികൾ പറഞ്ഞു.

കഴിഞ്ഞ സീസണിൽ 218 സ്‌പെഷ്യൽ ട്രെയിൻ സർവീസുകളാണ് നടത്തിയതെന്നും ഇത്തവണ 250 എണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും റെയിൽവേ അധികൃതർ യോഗത്തിൽ പറഞ്ഞു. വന്യജീവി ആക്രമണം തടയുന്നതിന് നാല് റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ ഉണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീമുകളും രണ്ട് എലിഫന്റ് സ്‌ക്വാഡുകളും പ്രവർത്തിക്കും. കടകളിൽ നിൽക്കുന്നവർക്ക് ഹെൽത്ത് കാർഡുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണുള്ള മുന്നൊരുക്കവും ഷെഡ്യൂളിംഗും കെ. എസ്. ആർ. ടി. സി നടത്തിവരുന്നു. ആദ്യ ഘട്ടത്തിൽ 350 ബസുകളും 528 ജീവനക്കാരുമുണ്ടാകും. ശബരിമല പാതയിലെ കടവുകളിൽ സുരക്ഷാ നടപടികൾ സ്വീകരിക്കും.

റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധപുലർത്തും. ഫയർ ആന്റ് റെസ്‌ക്യു വകുപ്പ് 1852 പേരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ സ്‌നാനഘങ്ങളിൽ അപകടം ഒഴിവാക്കാൻ സ്‌കൂബ ഡൈവേഴ്‌സിനെയും റബർ ബോട്ടും ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തും.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, ജി. ആർ. അനിൽ, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം. പി, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർവേസ് സാഹബ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.