സഫ്രാൻ കേരളത്തിൽ പ്രവർത്തനം തുടങ്ങി

എയ്റോസ്പേസ് - പ്രതിരോധ മേഖലയിലെ ലോകോത്തര സ്ഥാപനങ്ങളിലൊന്ന്
 
PRD

എയറോസ്പേസ്/ഡിഫൻസ് മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സഫ്രാൻ ഇലക്ട്രോണിക്സ് ആൻ്റ് ഡിഫൻസ് കമ്പനി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപമാണ് കേരളത്തിലെ ആദ്യ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. യൂണിറ്റിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. 27 രാജ്യങ്ങളിലായി 270 യൂണിറ്റുകളുള്ള കമ്പനി ഒരു ലക്ഷത്തോളം പേർക്കാണ് പ്രത്യക്ഷത്തിൽ തൊഴിൽ നൽകുന്നത്. കോടികളുടെ ആസ്തിയുള്ള സഫ്രാൻ, ഫോർച്യൂൺ ഗ്ലോബൽ 500, ഫോർബ്സ് ഗ്ലോബൽ 2000 ലിസ്റ്റുകളിൽ മുൻനിരയിലുള്ള സ്ഥാപനമാണ്.

ആദ്യഘട്ടത്തിൽ സഫ്രാൻ നിർമ്മിച്ചുനൽകുന്ന എയറോസ്പേസ്-ബഹിരാകാശ ഉൽപ്പന്നങ്ങളുടെ ടെസ്റ്റിങ്ങ് സെൻ്ററായി യൂണിറ്റ് പ്രവർത്തിക്കും. സമീപഭാവിയിൽ ഏഷ്യാ പസഫിക് മേഖലയിലെ പ്രധാന ടെസ്റ്റിങ്ങ് സെൻ്ററാക്കി വളർത്തുകയാണ് ലക്ഷ്യം. ഇതിനൊപ്പം കേരളത്തിൽ തന്നെ സഫ്രാൻ സ്പേസ് പ്രൊഡക്റ്റ്സ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാനും സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്. 

ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്നും വളരെപ്പെട്ടെന്നു തന്നെ സ്ഥാപനത്തിൻ്റെ വിപുലീകരണം സാധ്യമാക്കുമെന്നും കമ്പനി ഉറപ്പ് നൽകി. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന കമ്പനി അതിൽ നിന്ന് പിന്മാറിയിരുന്നു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ വിമർശനമുയരുകയും ചെയ്തു. 

ഇന്ത്യയിൽ ഐഎസ്ആർഒയുമായി നിരവധി കരാറുകളിൽ ഭാഗമായിട്ടുള്ള സഫ്രാൻ രാജ്യത്തെ ഫൈറ്റർ വിമാനങ്ങൾക്കും റോക്കറ്റുകൾക്കും മിസൈലുകൾക്കുമാവശ്യമായ നിർണായക യന്ത്രോപകരണങ്ങൾ നിർമ്മിച്ചുനൽകുന്നവരിൽ പ്രധാനിയാണ്. ഇതിനൊപ്പം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് ട്രാക്കിങ്ങ് തുടങ്ങിയ മേഖലകളിലും സഫ്രാൻ സേവനം ലഭ്യമാക്കുന്നുണ്ട്. കേരളത്തിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ സഫ്രാൻ തുടങ്ങുകയാണെങ്കിൽ രാജ്യത്തെ എയറോസ്പേസ്/ഡിഫൻസ് മേഖലയിലെ ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങൾക്കും പദ്ധതി ഊർജ്ജം നൽകും. പുതിയ വ്യവസായ നയത്തിലൂന്നി നിരവധി സഹായങ്ങൾ ലഭ്യമാകുമെന്നതിനാൽ കേരളത്തിൽ ഈ ഘട്ടത്തിൽ വിപുലീകരണം ലാഭകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയും.

ഉദ്ഘാടന ചടങ്ങിൽ സഫ്രാൻ ഇലക്ട്രോണിക്സ് ആൻ്റ് ഡിഫൻസ് കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ്ങ് ഡയറക്ടറായ ജീൻ മാർക് ഗില്ലെറ്റ് അധ്യക്ഷത വഹിച്ചു. ഐ എസ് ആർ ഒ അസോസിയേറ്റ് ഡയറക്ടർ പദ്മകുമാർ, സഫ്രാൻ ഡാറ്റ സിസ്റ്റംസ് ഇന്ത്യ സി ഇ ഒ വിനോദ് മാത്യൂസ്, സ്പേസ് ബിസിനസ് മേധാവി മുകേഷ് അയ്യപ്പൻ, വ്യവസായ വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.