SAI LNCPE തിരുവനന്തപുരം ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
Mar 30, 2025, 16:22 IST

തിരുവനന്തപുരം, 2025 മാർച്ച് 30: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ - ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (SAI LNCPE), തിരുവനന്തപുരം, 2025 മാർച്ച് 30 ഞായറാഴ്ച ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ഡ്രൈവ് - #SundaysOnCycle വിജയകരമായി സംഘടിപ്പിച്ചു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഫിറ്റ് ഇന്ത്യ സംരംഭത്തിന് കീഴിൽ സംഘടിപ്പിച്ച ഈ പ്രധാന പരിപാടി, ഊർജ്ജസ്വലമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനും കായികക്ഷമത, അമിതവണ്ണ പ്രതിരോധം എന്നിവയെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി രാവിലെ 8:00 ന് തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ നിന്ന് സൈക്ലിംഗ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ്-ഓഫ് ചടങ്ങിൽ, എസ്എഐ എൽ എൻ സി പി യുടെ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ, ഫിറ്റ് ഇന്ത്യ സംരംഭത്തെക്കുറിച്ചും ശാരീരികക്ഷമത പ്രവർത്തനത്തിന്റെ ഭാഗമായി സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംക്ഷിപ്ത വിവരണം നൽകി.
ക്ലിഫ് ഹൗസ് -> വെള്ളയമ്പലം -> കനകക്കുന്ന് കൊട്ടാരം -> മ്യൂസിയം ജംഗ്ഷൻ -> പാളയം -> സ്റ്റാച്യു ജംഗ്ഷൻ -> കേരള യൂണിവേഴ്സിറ്റി -> സെൻട്രൽ സ്റ്റേഡിയം (7 കി.മീ.) എന്നിങ്ങനെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ റാലി സഞ്ചരിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ഈ കാമ്പെയ്‌നിൽ ഇതിനോടകം 3,800+ സ്ഥലങ്ങളിലായി ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്, 2 ലക്ഷത്തിലധികം സൈക്ലിംഗ് പ്രേമികൾ ഇതിൽ പങ്കാളികളായി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 117-ാമത് മൻ കി ബാത് എപ്പിസോഡിലും ഈ സംരംഭം അംഗീകരിക്കപ്പെട്ടു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയതലത്തിൽ ഫിറ്റ് ഇന്ത്യ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
രാവിലെ 8:45 ന് ആരംഭിച്ച മഹത്തായ സമാപന ചടങ്ങോടെ സെൻട്രൽ സ്റ്റേഡിയത്തിൽ റാലി സമാപിച്ചു. എസ്‌എഐ എൽഎൻസിപിഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ, മേജർ ആനന്ദ് (എൻസിസി), ഡെപ്യൂട്ടി കമാൻഡന്റ് ഭീരേന്ദ്ര കുമാർ (ബിഎസ്എഫ്), സുനിൽ കുമാർ (പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ), അസിസ്റ്റന്റ് കമാൻഡന്റ് ഡോ. വികാസ് (ബി.എസ്.എഫ്), ക്യാപ്റ്റൻ. യാഷ് വർധൻ (ഇന്ത്യൻ ആർമി), ശ്രീ. സുധീഷ് കുമാർ (പ്രസിഡന്റ്, കേരള സൈക്ലിംഗ് അസോസിയേഷൻ - സി.വൈ.എ), ശ്രീ. രഘുചന്ദ്രൻ നായർ (സെക്രട്ടറി, തിരുവനന്തപുരം ഗോൾഫ് ക്ലബ്) എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500-ലധികം കായിക പ്രേമികളും സൈക്ലിംഗ് ഗ്രൂപ്പുകളും സംഘടനകളും ഈ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ആർമി, സിആർപിഎഫ്, ബിഎസ്എഫ്, എൻസിസി, കേരള പോലീസ് (എസ്എപി), കേരള പോലീസ് (ട്രാഫിക്), ക്രൈം ബ്രാഞ്ച്, കളക്ടറേറ്റ്, എഫ്‌സിഐ, ആർബിഐ, കായിക വകുപ്പ്, സ്പോർട്സ് & യുവജനകാര്യ ഡയറക്ടറേറ്റ്, കെആർസിസി, കെഎസ്എസ്‌സി, എൻഎസ്എസ്, തിരുവനന്തപുരം ഗോൾഫ് ക്ലബ്, കേരള ഒളിമ്പിക് അസോസിയേഷൻ, കേരള സൈക്ലിംഗ് അസോസിയേഷൻ, ഇൻഡസ് സൈക്ലിംഗ് എംബസി, സൈക്ലോ ട്രിവാൻഡിയൻസ് ക്ലബ് , എന്നിവരും പരിപാടിയിൽ പങ്കാളികളായി. ഇൻഡസ് സൈക്ലിംഗ് എംബസി, കേരള സൈക്ലിംഗ് അസോസിയേഷൻ, സൈക്ലോ ട്രിവിയൻസ് ക്ലബ് തുടങ്ങിയ തിരുവനന്തപുരത്തെ സൈക്ലിംഗ് ക്ലബ്ബുകൾ തിരുവനന്തപുരത്തും പരിസരത്തും സൈക്ലിംഗിൻ്റെയും കായികക്ഷമതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിച്ചുവരുന്നു.
ആരോഗ്യകരമായ ഒരു രാഷ്ട്രത്തിന് സംഭാവന ചെയ്യാനും ശാരീരികക്ഷമത നിലനിർത്താനുമുള്ള ഒരു മാർഗ്ഗമായി സൈക്ലിംഗ് സ്വീകരിക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നതിൽ ഈ പരിപാടി ഒരു സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തി.