സമഗ്ര ശിക്ഷാ കേരളം കേന്ദ്രവിഹിതം തടഞ്ഞുവെക്കൽ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം:മന്ത്രി വി ശിവൻകുട്ടി

 
Sivankutty

സമഗ്ര ശിക്ഷാ കേരളത്തിനായുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളം വ്യവസ്ഥകൾ പാലിക്കാത്തതുകൊണ്ടാണ് 2023-'24 സാമ്പത്തിക വർഷം സമഗ്ര ശിക്ഷാ പദ്ധതിയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പാർലമെന്റിൽ അറിയിച്ചിരിക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. കേരളം 2023-'24 ലെ അവസാന ഗഡുക്കൾക്കുള്ള പ്രൊപ്പോസൽ സമർപ്പിച്ചു കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കാതെ വന്നപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണ് പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന ഉറപ്പു നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടത്. തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സമർപ്പിച്ച മാതൃകയിൽ ഒരു കത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. ഉടൻ തന്നെ കേരളം അത്തരത്തിൽ ഉറപ്പു നൽകിക്കൊണ്ടുള്ള ഒരു കത്ത് കേന്ദ്ര സർക്കാരിന് നൽകുകയും ചെയ്തു. പക്ഷേ സാങ്കേതിക കാരണങ്ങൾ കാണിച്ച് ആ ഫണ്ട് കേന്ദ്രം അനുവദിച്ചില്ല. 


പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചാലേ ഫണ്ട് അനുവദിക്കുകയുള്ളു എന്ന വ്യവസ്ഥ ഒരു എഴുത്തുകുത്തിലൂടെ ഒരിക്കലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടില്ല. എല്ലാം വാക്കാലുള്ള നിർദേശങ്ങൾ മാത്രമാണ്. പി എം ശ്രീ പദ്ധതി 2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഷോക്കേസ് ചെയ്യുവാനുള്ള ഒരു പദ്ധതിയാണ്. കേരളം 2020 - ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് നിർബന്ധം പിടിക്കുന്നതും അക്കാരണം പറഞ്ഞ് ഫണ്ട് തടഞ്ഞു വയ്ക്കുന്നതും തികച്ചും അധാർമ്മികമാണ്. എങ്കിൽപ്പോലും കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ ഒന്നും നഷ്ടപ്പെടാതിരിക്കുവാനാണ് പി എം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന് അഷുറൻസ് ലെറ്റർ കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. 

2024-'25 വർഷം ഏപ്രിൽ മാസത്തിൽ തന്നെ ഒന്നാം ഗഡുവിനുള്ള പ്രൊപ്പോസൽ കേരളം കേന്ദ്രത്തിന് സമർപ്പിച്ചു. പക്ഷേ ആ ഫണ്ടും ഇതുവരെയും അനുവദിച്ചിട്ടില്ല. 2024 ജൂലൈ 9, 10 തീയതികളിൽ ഡൽഹിയിൽ നടന്ന റിവ്യൂ മീറ്റിംഗിൽ കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി നടത്തിയ പ്രസന്റേഷനിൽ കേരളം എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുള്ളതായും റിമാർക്സ് എന്ന കോളത്തിൽ 'പി എം ശ്രീ ധാരണാപത്രം ഇനിയും ഒപ്പിട്ടിട്ടില്ല' എന്നും ചേർത്തിട്ടുണ്ട്. പക്ഷേ ഫണ്ട് അനുവദിക്കണമെങ്കിൽ പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിടണം എന്നൊരു വ്യവസ്ഥ ഒരു കത്തിടപാടിലൂടെയും ഇന്നുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. വാസ്തവവിരുദ്ധമായ പ്രസ്താവനകൾ നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം കേരളസർക്കാരിന്റെ സജീവ പരിശോധനയിലാണ്. 2024-'25 വർഷം കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഒന്നാം ഗഡുവിന്റെ പ്രൊപ്പോസൽ സമർപ്പിച്ചു. പി എം ശ്രീയുടെ ധാരണാപത്രം ഒപ്പു വയ്ക്കാത്തതുകൊണ്ട് ഈ സംസ്ഥാനങ്ങൾക്കും ഇതുവരെ ഫണ്ട് അനുവദിച്ചില്ല. കേരളത്തിന് ലഭിക്കുവാനുള്ള സ്റ്റാർസ് പദ്ധതിയുടെ ഫണ്ടും 2024-'25 വർഷം ഇതുവരെയും അനുവദിച്ചിട്ടില്ല.
2024-'25 വർഷം സമഗ്ര ശിക്ഷാ കേരളത്തിന് 1432.71 കോടി രൂപയാണ് ലഭിക്കേണ്ടത്.  ഇതിൽ 859.63 കോടി രൂപ കേന്ദ്ര വിഹിതമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.