സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ചത് കേരളത്തോടുള്ള വെല്ലുവിളി: കെ.സി.വേണുഗോപാല്‍ എംപി

കേന്ദ്രസര്‍ക്കാര്‍ കേരളജനതയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു
 
vanu

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും അതിനാലാണ് തിരിച്ചടവ് വ്യവസ്ഥയോടെ പലിശരഹിത വായ്പ അനുവദിക്കുകയും തുക വിനിയോഗത്തിന് സമയപരിധി നിശ്ചയിക്കുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. 

കേരളത്തോടുള്ള വെല്ലുവിളിയാണ് ഈ നടപടി.കേരളം കേന്ദ്രത്തോട് ചോദിച്ചത്  2000 കോടിയുടെ സാമ്പത്തിക പാക്കേജാണ്.എന്നാല്‍ അത് തന്നില്ലെന്ന് മാത്രമല്ല,വരവ് ചെലവ് കണക്കുകള്‍ മാര്‍ച്ച് 31നകം സമര്‍പ്പിച്ച് തുക വിനിയോഗിക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയത് കണ്ണില്‍ച്ചോരയില്ലാത്തതാണ്.കേരള ജനതയുടെ ആത്മാഭിമാനത്തെയാണ്  കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വ്രണപ്പെടുത്തുന്നത്. കേരളത്തെ സഹായിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടും അതു നിറവേറ്റാതെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ടതാണ്.കേരളവും ഇന്ത്യയിലാണെന്നത് മോദിയും കൂട്ടരും വിസ്മരിക്കരുത്. സാമ്പത്തിക സഹായം ചോദിക്കുമ്പോള്‍ വായ്പ അനുവദിക്കുന്നതിന്റെ യുക്തിയെന്താണ്?  രാഷ്ട്രീയമായി സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നത്  ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്. 

രാഷ്ട്രീയാന്ധത വെടിഞ്ഞ് കേരളത്തോട് മനുഷ്യത്വ സമീപനം സ്വീകരിക്കാനും വയനാടിന്റെ പുനരധിവാസത്തിന് സഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.  അതിന് കേന്ദ്രം സന്നദ്ധമാകുന്നില്ലെങ്കില്‍ വയനാടിന് വേണ്ടി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി തെരിവിലേക്കിറങ്ങുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.