കൊട്ടാരക്കരയില വനിതാ ഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് ലഹരിക്ക് അടിമ; പ്രതി സസ്‌പെന്‍ഷനിലുള്ള അധ്യാപകന്‍.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് സസ്‌പെന്‍ഷനിലുള്ള അധ്യാപകന്‍. എംഡിഎംഎ ഉപയോഗിച്ചതിനാണ് പ്രതിയെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ഇയാള്‍ ഡീ അഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വീടിന് അടുത്തുള്ളവരുമായി നടന്ന അടിപിടിയില്‍ സന്ദീപിന്‍റെ കാലിന് മുറിവേറ്റിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ അക്രമാസക്തനായ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ പ്രതി അക്രമാസക്തനായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചത്.ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും നട്ടെല്ലിലുമേറ്റത് ആഴമേറിയ മുറിവുകൾ. ശരീരത്തിലുണ്ടായിരുന്നത് കുത്തേറ്റ ആറ് മുറിവുകൾ.
പൂയപ്പള്ളി സ്റ്റേഷൻ പോലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥൻ മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് കുത്തേറ്റത്. കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
▪️
വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ
കൊട്ടാരക്കരയിൽ പ്രതിഷേധ ജാഥയുമായി ഡോക്ടർമാർ; കൊല്ലത്ത് പണിമുടക്ക്
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.