ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം
ശബരിമല അയ്യപ്പഭക്തർ കാത്തിരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകിട്ട് നാലിന് ശബരിമല നട തുറന്നു. ശരണംവിളികളാൽ മുഖരിതമായ സന്നിധാനത്തും പമ്പയിലും ഉച്ചയോടെ തന്നെ തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചത്. തുടർന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ചശേഷം പുതിയ മേൽശാന്തിമാരുടെ അവരോധനച്ചടങ്ങുകൾ നടന്നു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരിയും ചുമതലയേറ്റു.
നവംബർ 17-ന് വൃശ്ചികപ്പുലരി മുതൽ ഭക്തർക്ക് പതിവ് പൂജകളും നെയ്യഭിഷേകവും ദർശനവും ലഭ്യമാകും. തിങ്കളാഴ്ച രാത്രി 10 മണിവരെയും ദർശനസൗകര്യം ഉണ്ടായിരുന്നു.
തീർഥാടകരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ ഇത്തവണ ദേവസ്വം ബോർഡും സർക്കാരും വിപുലമായ മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ്കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി. പി. വിജയൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ തുടങ്ങിയവർ നടതുറക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
