ചിലർക്ക് ഭാവിയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാൻ വേണ്ടിയുള്ള സീറ്റ് ബുക്കിംഗ് ടവ്വലാണ് സതീശൻ : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

 
PA

വേറേ ചിലർക്ക് ഭാവിയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാൻ വേണ്ടിയുള്ള സീറ്റ് ബുക്കിംഗ് ടവ്വലാണ് വി ഡി സതീശന്‍ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഒരാളുടെ പെട്ടിയും പിടിച്ചുനടന്ന് അവസാനം അയാളെത്തന്നെ പാലംവലിച്ചാണ് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതെന്ന് കോൺഗ്രസിൽതന്നെ അഭിപ്രായമില്ലേ എന്ന് മന്ത്രി ചോദിച്ചു. ആ ചിന്ത അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. പ്രതിപക്ഷ നേതാവ് പറവൂർ നിയോജകമണ്ഡലത്തിന്റെ പുറംലോകം കണ്ടത് പ്രതിപക്ഷ നേതാവായതിനു ശേഷമല്ലേ എന്നും മന്ത്രി പറഞ്ഞു. 

രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻപ്രതിപക്ഷ നേതാവ്  തയ്യാറാകണം. അല്ലാതെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഇടതുപക്ഷത്തേയും തെറിവിളിക്കുന്ന രീതി ഒഴിവാക്കണം. രാജ്യമൊട്ടാകെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാവിവൽക്കരണം കേരളത്തിലും കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അതിനെതിരെ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നില്ല എന്ന് ചോദിച്ച മന്ത്രി  ചാൻസലർ തിരുകിക്കയറ്റിയ ആർഎസ്എസ് നോമിനികൾക്കൊപ്പമുള്ള കോൺഗ്രസ് നോമിനികളെ പിൻവലിക്കുമെന്നു പറയാൻ എന്തുകൊണ്ടു തയ്യാറാകുന്നില്ലെന്നും വിമര്‍ശിച്ചു.   കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് അതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. 
ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം അച്ഛനുവിളിയും അമ്മയ്ക്കുവിളിയും തെറിവിളിയും നടത്തുന്നത് പക്വതയില്ലായ്മയാണ്. 

അദ്ദേഹത്തിന് സമരാനുഭവമില്ലെന്ന്കോൺഗ്രസുകാര്‍ തന്നെ ആണ് പറയുന്നത്.  അത് അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ നിന്നുതന്നെ വ്യക്തമാകുന്നുമുണ്ട്. കലാപം നടത്തിയവരെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയാൽ കേസിൽ പ്രതിയാകുന്നത് സ്വാഭാവികമാണ്. അത് ഫെയ്‌സ് ബുക്കിൽ ഇട്ട് ആഘോഷിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ‘എനിക്ക് പേടിയില്ലെന്നു പറഞ്ഞേക്കൂ’ എന്ന സ്ഥിരം ഡയലോഗ് സോഷ്യൽ മീഡിയയിൽ മ്യൂസിക്കൊക്കെ ഇട്ടുകൊടുക്കാൻ കൊള്ളാവുന്നതാണ്. പേടിയുള്ളവരേ അങ്ങനെ പറയൂ. 

ബാലറ്റിലൂടെ ആദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയപ്പോഴും ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ഉറക്കം നഷ്ടപ്പെട്ടാല്‍ പിറ്റേന്ന് പിച്ചും പേയും വിളിച്ചുപറയും. താന്‍പ്രമാണിത്തത്തിന്റെ ആള്‍രൂപമായ പ്രതിപക്ഷ നേതാവും താനേതു പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റാണെന്ന് ഓര്‍മയില്ലാത്ത കെപിസിസി പ്രസിഡന്റും എന്തൊക്കെയോ വിളിച്ചുപറയുകയാണ്. എന്താണ് പറയുന്നതെന്ന് അവര്‍ക്കുപോലും അറിയില്ല.  നവകേരള സദസ്സിനോട് എടുക്കുന്ന സമീപനം തെറ്റാണെന്ന് യുഡിഎഫിന് വോട്ടുചെയ്തവര്‍ തന്നെ പറയുകയാണ് എന്നും മന്ത്രി കാട്ടാക്കടയില്‍ പറഞ്ഞു