വിദ്യാലയങ്ങളെ സംഘപരിവാറിന്റെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല: മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ ഉപസംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരം പ്രവണതകളെ കുറിച്ച് സാംസ്കാരിക നായകർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ സിലബസ് കമ്മിറ്റി അംഗീകരിച്ച സിലബസ് പ്രകാരം കുട്ടികളുടെ പരീക്ഷ നടത്തുമ്പോൾ, സംഘപരിവാർ ശക്തികൾ സമാന്തരമായി പരീക്ഷ നടത്തുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി മന്ത്രിയറിഞ്ഞോ ഇല്ലയോ എന്ന ചർച്ചയിൽ ഒതുക്കുന്നത് ബാലിശം മാത്രമാണെന്ന് വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നുണ്ടെന്നും, രഹസ്യസ്വഭാവമുള്ള സംഘപരിവാറിന്റെ ആശയപ്രചരണം ഇപ്പോൾ പരസ്യമായ പ്രചരണങ്ങളായി മാറി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവുകൾ പുറപ്പെടുവിച്ച് പിന്നീട് എതിർപ്പ് ഉയരുമ്പോൾ റദ്ധാക്കുന്ന പൊതിവിദ്യാഭ്യാസ വകുപ്പിന്റെ രീതി സംഘപരിവാറിന് വേണ്ടിയുള്ള പരീക്ഷണം മാത്രമാണ്. പൊതുവിദ്യാലയങ്ങളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവ കർശനമായി നടപ്പിലാക്കേണ്ടതാണ്. സംഘപരിവാർ സംഘടനകൾ വിവിധ പേരുകളിൽ കുട്ടികളെ ആകർഷിക്കാനും അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സ്കൂളുകളിൽ സംഘ പരിവാറിന്റെ ആശയ പരിശീലനവും ആയുധ പരിശീലനവും നടത്തുന്നതിന് മൈതാനങ്ങൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഉത്തരവുകൾ ഇറക്കി കാത്തുനിൽക്കുന്നതിന് പകരം കർശനമായ നിയമനടപടികൾ സ്വീകരിക്കണം. എന്തുകൊണ്ടാണ് സംഘപരിവാർ സംഘടനകൾക്ക് മാത്രം ഇത്തരത്തിൽ പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഇത്തരം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് വ്യക്തത വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
