ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; മന്ത്രി ആന്റണി രാജു
സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും മന്ത്രി ഉത്തരവിട്ടു.
ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേയ്ക്ക് മാറ്റുവാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം സമ്പൂര്‍ണ്ണമാകാന്‍ കാലതാമസം നേരിടുന്നത് കണക്കിലെടുത്തും, കോവിഡ് മഹാമാരി കാലത്ത് രണ്ട് വര്‍ഷക്കാലം ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വര്‍ഷം തോറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി ഉയര്‍ത്തുന്നത്.
ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.