​ഗുരുതര അച്ചടക്ക ലംഘനം; 6 പേരെ സസ്പെൻഡ് ചെയ്തു

 
മാന്യ KSRTC  യാത്രക്കാരെ

​ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവർത്തി കാരണം കോ‍ർപ്പറേഷന്റെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. 


അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 ന് ചടയമം​ഗലം ഡിപ്പോയിലെ RPC 722  നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് നടത്തവെ നെട്ടയത്തറയിൽ വെച്ച് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ തട്ടിയതിനെ തുടർന്ന്  ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ തെറിച്ച് വീഴുകയും,  തുടർന്ന് അപകടത്തിൽപ്പെട്ട  രണ്ട് പേരും മരണപ്പെട്ടുകയും ചെയ്തിരുന്നു.  അപകടകരമാകും വിധം ഓവർടേക്ക് ചെയ്തത് കൊണ്ടാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന്  അന്വേഷത്തിൽ  തെളിയുകയായിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 

ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ  ബിഹേവിയറൽ ചെയ്ഞ്ച്  ട്രെയിനിം​ഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അ​ഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.  ഉദ്ഘാടന സെഷനിൽ അച്ചടക്കം പാലിക്കണമെന്ന പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും പരിശീലനത്തിന്റെ രണ്ടാം ദിവസം മദ്യപിച്ച് എത്തിയതിനെ തുടർന്ന് ക്ലാസിൽ നിന്നും പുറത്താക്കി മടക്കി അയച്ചതായി പോലീസ് ട്രെയിനിം​ഗ് കോളേജ് പ്രിൻസിപ്പൾ റിപ്പോർട്ട് നൽകിയതിനെ  തുടർന്നായിരുന്നു സസ്പെൻഷൻ.

ഫെബ്രുവരി 26 ന് പാറശ്ശാല ഡിപ്പോയിലെ  ബ്ലാക്ക് സ്മിത്ത്  ഐ. ആർ ഷാനു  ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ഷാനുവിന്റെ  സ്വകാര്യ ബാ​ഗിൽ നിന്നും കോർപ്പറേഷൻ വക  200 ​ഗ്രാം ബ്രാസ്  സ്ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ​ഗാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയ്യാറായിരുന്നില്ല . കോർപ്പറേഷന്റെ വസ്തുവകകൾ സംരക്ഷിക്കേണ്ട ആൾ തന്നെ അപഹരിക്കാൻ ശ്രമമിച്ചത് ​ഗുരുതരമായ കുറ്റകൃത്യമായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഷാനുവിനേയും സസ്പെൻഡ് ചെയ്തു.  ഇയാൾക്കെതിരെ  മോഷണക്കുറ്റത്തിന് കോർപ്പറേഷൻ പാറശ്ശാല പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.  


ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ  വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന  എ.എസ് ബിജുകുമാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിൽ ഏർപ്പെടുകയോ, മദ്യലഹരിയിൽ ഓഫീസ്, ​ഗ്യാരേജ്,ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് സിഎംഡി നൽകിയിരുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്  ബിജുകുമാറിനെ  
അന്വേഷണ വിധേയമായി കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. 


നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും, ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്ത  നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

ഇത് കൂടാതെ 2022 ഡിസംബർ 10 കോഴിക്കോട് ഡിപ്പോയിലെ JN 349 ബസിലെ യാത്രക്കാരനിൽ നിന്നും ല​ഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് യാത്രാക്കാരൻ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടർ പി.ജെ പ്രദീപിനെയും സസ്പെൻഡ് ചെയ്തു. അങ്കമാലിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവ്വീസിൽ ടിക്കറ്റ് റിസർവ്വ് ചെയ്ത യാത്രക്കാരനോട് കൈവശമുള്ള ല​ഗേജിന്  ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയ്യിൽ ഇന്ത്യൻ കറൻസി ഇല്ലാത്തതിനാൽ  ​ഗൂ​ഗിൽ പേ വഴി നൽകാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ വിസമ്മതിച്ചു. കോഴിക്കോട് എത്തിയിട്ട് ക്യാഷ് വാങ്ങി നൽകണമെന്ന് പറഞ്ഞതിനെ തുടർന്ന് ബന്ധുവിനെ വിളിച്ചു വരുത്തി 160 രൂപ ല​ഗേജ് തുക നൽകിയിട്ടും കണ്ടക്ടർ ടിക്കറ്റ് നൽകിയില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തു.  ബസിൽ കയറുന്ന യാത്രക്കാർക്കെല്ലാം ടിക്കറ്റ് നൽകി തുക ഈടാക്കി കോർപ്പറേഷന്റെ വരുമാനത്തിൽ മുതൽകൂട്ടാൻ ഉത്തരവാദിത്തപ്പെട്ട കണ്ടക്ടർ യാത്രക്കാരന്റെ പക്കൽ ഉണ്ടായിരുന്ന ല​ഗേജിന് നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതെ യാത്രക്കാരനേയും, കോർപ്പറേഷനേയും  കബളിപ്പിച്ച്  പണാപാഹരണം നടത്തിയെന്ന ബോധ്യപ്പെട്ടതിനെ തുടർന്നാണ് പി.ജെ പ്രദീപിനേയും സസ്പെൻഡ് ചെയ്തത്. 

ജീവനക്കാർ കോർപ്പറേഷന്റെ മുതൽ സംരംക്ഷിക്കുന്നതിന് പകരം ടിക്കറ്റ് ക്രമക്കേട്, ഏതാനും  ചില ജീവനക്കാർ പണാപഹരണം, സാമ്പത്തിക തിരിമറി, ലോക്കൽ പർച്ചേസുകളിലെ തിരിമറികൾ, കോർപ്പറേഷന്റെ പൊതുമുതൽ അപഹരിക്കുക തുടങ്ങിയുള്ള ക്രമക്കേടുകൾ കാണിക്കുക, കടത്തിക്കൊണ്ട് പോകുക എന്നിവ നടത്തുന്നു. ഇത്  സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന  വിഷയങ്ങൾ ആയതിനാൽ അത്തരം  കുറ്റകൃത്യങ്ങളിൽപ്പെടുന്ന ജീവനക്കാർക്ക് എതിരെ 1960 തിലെ കേരള സിവിൽ സർവ്വീസ് (തരം തിരിവും, നിയന്ത്രണവും, അപ്പീലും) ചട്ടങ്ങൾ പ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതും, ക്രിമിനൽ കുറ്റമായി പരി​ഗണിച്ച് IPC 403, 405, 409,415, 417, 167 എന്നീ വകുപ്പുകൾ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.