സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നിന്നും എസ്.എഫ്.ഐ ഒന്നും പഠിച്ചില്ല; ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും; പ്രതിപക്ഷ നേതാവ്
സിദ്ധാര്‍ത്ഥിന്റെ മരണം ഇപ്പോഴും എസ്.എഫ്.ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. കേരള സര്‍വകലാശാല യുവജനോത്സവത്തോടനുബന്ധിച്ച് വ്യാപകമായി കെ.എസ്.യു വിജയിച്ച കേളജുകളിലെ യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണമെങ്കിലും എസ്.എഫ്.ഐ ക്രിമനലുകളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്. എവിടെയെല്ലാം കെ.എസ്.യു പുതുതായി ജയിച്ചിട്ടുണ്ടോ അവിടെയുള്ള എല്ലാ യൂണിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് അടിക്കുകയാണ്. ഇത് തുടരാനാണ് ഭാവമെങ്കില്‍ കെ.എസ്.യുവിന്റെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും. ഞങ്ങളുടെ കുട്ടികളെ എസ്.എഫ്.ഐയുടെ കാടത്തത്തിന് വിട്ടുകൊടുക്കാനാകില്ല. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആരുമില്ലെ. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊലീസും സി.പി.എമ്മും തയാറായില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുക്കും.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് 13000 കോടി രൂപ കിട്ടുമ്പോള്‍ ആ പണം ഏഴ് മാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കണം. 55 ലക്ഷം കുടുംബങ്ങളാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് പ്രയാസപ്പെടുന്നത്. ക്ഷേമനിധി ബോര്‍ഡുകള്‍ തകര്‍ന്ന് ആനുകൂല്യങ്ങള്‍ മുടങ്ങിയവരെയും സഹായിക്കണം. ആശുപത്രികളില്‍ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും സപ്ലൈകോയ്ക്കും പണം നല്‍കണം. പണം കിട്ടുമ്പോള്‍ സര്‍ക്കാരിന് മുന്‍ഗണനകള്‍ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കടമെടുപ്പിന്റെ പരിധി വര്‍ധിപ്പിക്കണമെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്രം 57600 കോടി നല്‍കാനുണ്ടെന്നും അത് കിട്ടാന്‍ വേണ്ടിയാണ് സുപ്രീം കോടതിയില്‍ പോയതെന്നുമാണ് പുറത്ത് പറയുന്നത്. എന്നാല്‍ സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ 57600 കോടിയെ കുറിച്ച് മിണ്ടിയിട്ടേയില്ല. സംസ്ഥാന സര്‍ക്കാരിന് 26224 കോടിയുടെ ബാധ്യതയുണ്ടെന്നും അതുകൊടുത്തു തീര്‍ക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 57600 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്ത് ജനങ്ങളോട് പറയുന്നതും സുപ്രീം കോടതിയില്‍ പറയുന്നതും രണ്ടാണ്. നാല് ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് കേരളം കൂപ്പ് കുത്തുമ്പോഴാണ് ഇനിയും കടമെടുക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കാപട്യവും ഇരട്ടത്താപ്പുമാണ് സര്‍ക്കാര്‍ കോടതിയിലും പുറത്തും സ്വീകരിച്ചിരിക്കുന്നത്.
വര്‍ക്കലയില്‍ ഡിസംബര്‍ 25-ന് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു വീണ് 20 പേര്‍ക്കാണ് പരുക്കേറ്റത്. 100 മീറ്റര്‍ കടലിലേക്ക് പാലം പണിയാന്‍ എന്ത് പഠനമാണ് നടത്തിയത്? എന്തു സുരക്ഷയാണ് പാലത്തിന് ഉണ്ടായിരുന്നത്? ഏത് കമ്പനിയാണ് പാലം പണിഞ്ഞത്? പാലത്തിന്റെ സുരക്ഷ ഏത് ഏജന്‍സിയാണ് പരിശോധിച്ചത്? എന്ത് മാനദണ്ഡങ്ങള്‍ മറികടന്നാണ് ഈ കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്? പാലാരിവട്ടം പാലത്തിന്റെ പേരില്‍ ബഹളമുണ്ടാക്കിയവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. ചാവക്കാട് ഒരു പാലം തകര്‍ന്നതിന് പിന്നാലെയാണ് വര്‍ക്കലയിലേയും പാലം തകര്‍ന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പോലുമാകാത്ത പാലം തകര്‍ന്നതിനെ കുറിച്ച് ടൂറിസം മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ സമരപരിപാടികളിലേക്കും നിയമനടപടികളിലേക്കും നീങ്ങും. മാനദണ്ഡങ്ങള്‍ മറികടന്ന് ധാരളം വര്‍ക്കുകള്‍ ടൂറിസം വകുപ്പില്‍ നടക്കുന്നുണ്ട്. അതേക്കുറിച്ചും പ്രതിപക്ഷം പരിശോധിച്ച് വരികയാണ്.
എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. 16 വര്‍ഷം സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ് പിണറായി വിജയന്‍. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന വിശ്വനാഥ മേനോന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. പിണറായി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായ കണ്ണന്താനത്തിന് വിരുന്ന് നല്‍കിയ ആളാണ് പിണറായി. അപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ സി.പി.എം നാണംകെട്ട പാര്‍ട്ടിയായിരുന്നോ? ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ ആ നാണംകെട്ട പാര്‍ട്ടിയുടെ തലപ്പത്ത് പിണറായി വിജയനല്ലേ ഇരുന്നിരുന്നത്? ബംഗാളിലും ത്രിപുരയിലുമുള്ള സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലും തൃണമൂല്‍ കോണ്‍ഗ്രസിലുമാണ്. പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയെയും പിണറായി പറഞ്ഞതു പോലെ നാണംകെട്ട എന്ന് വിശേഷിപ്പിക്കുന്നില്ല. 77 ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ച ആളാണ് പിണറായി. ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ 38 തവണയാണ് ലാവലിന്‍ കേസ് മാറ്റിയത്. ഇവര്‍ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളൊക്കെ എവിടെ പോയി? കരുവന്നൂരിലെ ഇ.ഡി അന്വേഷണം ധാരണയായോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്ന് പറയുന്ന ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ അതോ എന്‍.ഡി.എ ചെയര്‍മാനാണോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാല്‍ അവിടെയൊക്കെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ്. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് ഇല്ലാത്ത സ്‌പേസ് ബി.ജെ.പിക്ക് സി.പി.എം കേരളത്തില്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്.
യു.ഡി.എഫിന്റെ വടകര, ആലപ്പുഴ, തൃശൂര്‍ സ്ഥാനാര്‍ത്ഥികള്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും ഞെട്ടിച്ചു. ആ ഞെട്ടല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇരട്ടിയാകും. യു.ഡി.എഫിന് വടകരയില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണ് ഷാഫി പറമ്പില്‍. കേരളത്തില്‍ ഒരിടത്തും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല.
പദ്മജയെ ബി.ജെ.പിയില്‍ എത്തിച്ചതിന് പിന്നില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ ആണെന്നതിന് തെളിവുകളുണ്ട്. നിഷേധിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാം. കുറേക്കാലമായി സി.പി.എം- ബി.ജെ.പി ഇടനിലക്കാരനായാണ് ബഹ്‌റ പ്രവര്‍ത്തിക്കുന്നത്. പിണറായിയുടെ അനുമതിയോടെയാണ് പദ്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ഇടനിലക്കാരനായി ബഹ്‌റ പ്രവര്‍ത്തിച്ചത്. പദ്മജ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദവും സി.പി.എമ്മിനായിരുന്നു. മാത്യു ടി തോമസിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ തുടരുമ്പോഴാണ് ചാലക്കുടിയില്‍ അദ്ദേഹം ബി.ജെ.പിക്കെതിരെ പ്രസംഗിച്ചത്. എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്ളിനെ പുറത്താക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? അതോ ബി.ജെ.പിയുമായുള്ള ധാരണയാണോ? മന്ത്രി കൃഷ്ണന്‍ കുട്ടിയെ പുറത്താക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുമെന്നത് പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണ്. കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ എവിടെ പോയി?