സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു : പ്രതിപക്ഷ നേതാവ്

ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ പ്രതി ചേര്‍ത്ത് സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണം; എസ്.എഫ്.ഐക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കിയത് മുഖ്യമന്ത്രി; സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം നിലച്ച് കേരളം അതീവ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു
 
V D

പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുളള ശ്രമമാണ് നടത്തുന്നത്. കേസ് അട്ടിമറിച്ച് എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമമാത്തിലാണ് സി.പി.എം. മകനെ കൊന്ന് കെട്ടിത്തൂക്കിയത് എസ്.എഫ്.ഐക്കാരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തര്‍ക്കം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് എസ്.എഫ്.ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണ്. ഹോസ്റ്റലിന്റെ നടുത്തളത്തില്‍ നൂറ്റി മുപ്പതോളം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ അതിക്രമം നടന്നിട്ടും ഹോസ്റ്റല്‍ വാര്‍ഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ക്രൂരമായ കുറ്റകൃത്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണം. കൊലപാതകം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സി.പി.എം അനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെ കുറിച്ചും അന്വേഷിക്കണം. അന്വേഷണം നടത്തുമ്പോള്‍ ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണം. 

നവകേരള സദസില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ക്രിമിനല്‍ സംഘങ്ങളെ അഴിഞ്ഞാടാന്‍ വിട്ടത്. ഇത്തരം അക്രമ സംഭവങ്ങളെ മുഖ്യമന്ത്രിയാണ് പ്രോത്സാഹിപ്പിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എറണാകുളത്തെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ട് പോയി ലോ കോളജ് ഹോസ്റ്റലിലെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് വെളുപ്പാന്‍കാലം വരെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. ഇതു പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് എസ്.എഫ്.ഐ നേതൃസ്ഥാനത്ത് വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊസീസ് ഉദ്യഗസ്ഥന്റെ കരണക്കുറ്റി അടിച്ചുപൊളിച്ചു. എന്തൊരു ക്രിമിനലുകളാണിവര്‍. കാമ്പസുകളില്‍ മറ്റ് സംഘടനകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്തരീതിയില്‍ എസ്.എഫ്.ഐ മര്‍ദ്ദനം അഴിച്ചുവിടുകയാണ്. സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചത് പുറത്തു പറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് അക്രമത്തിന് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ അക്കാര്യം പുറത്ത് പറയാത്തത്. കോളജുകളിലേക്ക് മക്കളെ അയയ്ക്കാന്‍ രക്ഷിതാക്കളും ഭയപ്പെടുകയാണ്. പുരോഗമന വാദികളെന്ന് അറിയപ്പെടുന്ന സംഘടന റാഗിങിന് നേതൃത്വം നല്‍കുന്നത് എന്തൊരു നാണക്കേടാണ്? പല കോഴ്‌സുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് ക്രിമിനലുകള്‍ക്ക് പിന്തുണ നല്‍കുന്നത്. 

കേരളത്തിന് അപമാനകരമായ രീതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. വിദ്യാര്‍ത്ഥികളിലെ ഭീതി എല്ലാ കാമ്പസുകളിലേക്കും പടരുകയാണ്. അപകടകരമായ രീതിയിലേക്ക് കാമ്പസുകളെ മാറ്റുന്ന ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ ശക്തമായ സമരം യു.ഡി.എഫും വിദ്യാര്‍ത്ഥി യുവജനസംഘടനകളും ആരംഭിക്കും. കേരളത്തിലെ കാമ്പസുകളെ ഈ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ല. എസ്.എഫ്.ഐക്ക് അഴിഞ്ഞാടാന്‍ ആരാണ് ലൈസന്‍സ് നല്‍കിയത്? 

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിലച്ചിട്ട് ഏഴ് മാസമാകുന്നു. പതിമൂന്ന് ജില്ലകളിലെ ജനകീയ ചര്‍ച്ചാ സദസുകളിലെ പ്രധാന പരാതികളും പെന്‍ഷനുമായി ബന്ധപ്പെട്ടതായിരുന്നു. 55 ലക്ഷം പേരാണ് പട്ടിണിയില്‍ കഴിയുന്നത്. പാവങ്ങളില്‍ പാവങ്ങളോടാണ് സര്‍ക്കാര്‍ ക്രൂരത കാട്ടുന്നത്. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ അതീവ ദരിദ്രരുടെ ലിസ്റ്റില്‍പ്പെട്ട 74 വയസുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അതിനെതിരെയും യു.ഡി.എഫിന് ശക്തമായി സമരം നടത്തേണ്ടി വരും. പട്ടിക ജാതി- വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ക്ഷേമനിധി ബോര്‍ഡുകളും സര്‍ക്കാര്‍ അംശാദായം നല്‍കാത്തതിനെ തുടര്‍ന്ന് തകര്‍ച്ചയിലാണ്. സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം നിലച്ച് കേരളം അതീവ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയാണ്. കേരള ചരിത്രത്തില്‍ ഇത്രയും പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരിനെ അദ്യമായാണ് കാണുന്നത്. നിഷ്‌ക്രിയത്വത്തിന്റെ പര്യായമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. 

കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും കാണാത്ത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് കിട്ടിയത്? സുനില്‍ കനഗോലുവിന്റേതായി അങ്ങനെയൊരു റിപ്പോര്‍ട്ടില്ല. ഹീനമായ തരത്തിലുള്ള പച്ചക്കള്ളമാണ് പ്രചരിപ്പിക്കുകയാണ്. ഓരോ മാധ്യമങ്ങളും അവരവരുടെ സൗകര്യത്തിനാണ് പറയുന്നത്. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു രേഖയും ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലമാണെന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമ ധര്‍മ്മത്തെയാണ് അവഹേളിക്കുന്നത്. 20 സീറ്റിലും ജയിക്കാനുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭരണവിരുദ്ധ വികാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുണ്ട്. എന്നിട്ടും സിറ്റിംങ് എം.പിമാരെ തെരഞ്ഞ് പിടിച്ച് നടത്തുന്ന പ്രചരണത്തില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം.