ഹമാസ് അനുകൂല പരിപാടിയിൽ ശശി തരൂർ പങ്കെടുത്തത് ശരിയായില്ല: കെ.സുരേന്ദ്രൻ

 
bjp

 കോഴിക്കോട് നടന്ന ഹമാസ് ഐക്യദാർഢ്യ സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിൻ്റെ പൊതുവായ നിലപാടിനെതിരെ യുഎന്നിൽ ഇരുന്ന തരൂരിനെ പോലെയൊരാൾ പരസ്യമായി രംഗത്ത് വന്നത് അംഗീകരിക്കാനാവില്ല. ഇസ്രയേൽ - പാലസ്തീൻ യുദ്ധത്തെ കേരളത്തിൽ വർഗീയ ധ്രുവീകരണത്തിൻ്റെ വേദിയാക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹമാസ് അനുകൂല സമ്മേളനത്തിൽ പച്ചയായ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. മുനീറിനെ പോലെയുള്ളവർ ഹമാസ് ഭീകരവാദികളെ ഭഗത് സിംഗിനെയും സുബാഷ് ചന്ദ്രബോസിനെയും പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുമായാണ് ഉപമിച്ചത്. തരൂർ ഇത്തരമൊരു സമ്മേളനത്തിൽ പങ്കെടുത്തത് വർഗീയ ശക്തികളുടെ വോട്ട് നേടാൻ വേണ്ടിയാണ്. ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന ഹമാസിനൊപ്പം നിൽക്കുന്നത് രാജ്യദ്രോഹപരമാണ്. സമാധാനമല്ല ഇവർക്ക് വേണ്ടത് വോട്ടാണെന്ന് വ്യക്തമായി. പശ്ചിമേഷ്യയിലെ മനുഷ്യ കുരുതിയുടെ ഒരു ഭാഗം മാത്രമാണ് ഇവർ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ശശി തരൂർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ അഭാവം മുസ്ലിംലീഗും ഡിവൈഎഫ്ഐയും നികത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ ദുരിതത്തിലാണ്. സപ്ലൈകോയിൽ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ സപ്ലെെനോയാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം നൽകാത്തതാണ് എല്ലാത്തിനും തടസം. സർക്കാരിന് ശമ്പളവും പെൻഷനും കൊടുക്കാനാവുന്നില്ല. അതിനിടയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളീയം എന്ന പേരിൽ ധൂർത്ത് നടത്തുകയാണ്. വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളയാത്ര നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ പിരിവിനിറങ്ങുകയാണ്. ജനങ്ങളെ ഉദ്യോഗസ്ഥരെ കൊണ്ട് കൊള്ളയടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിം ടൂറിസം എന്ന പേരിൽ 94 ലക്ഷം ചിലവഴിക്കുന്നത് ധൂർത്തും വിവേചനപരവുമാണ്. ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാൻ പൊതുഖജനാവിലെ പണം ചിലവഴിക്കുന്നത് മതേതര സമൂഹത്തിൽ നല്ലതല്ല. പ്രതിപക്ഷം ഇത്തരം കാര്യങ്ങളെ അനുകൂലിക്കുകയാണ്. ഒരു ആരോപണത്തിനും സർക്കാരിന് മറുപടിയില്ല. ഒക്ടോബർ 30 ന് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. നവംബർ 10 മുതൽ 30 വരെ 2,000 കേന്ദ്രങ്ങളിൽ എൻഡിഎ ജനപഞ്ചായത്ത് നടത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംബന്ധിച്ചു.