ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് യോഗത്തിന്റെ കർപ്പൂര താലം എഴുന്നള്ളത്ത്
 
sab
ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിൻ്റെ ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു.എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോൾ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്.  സമൂഹപ്പെരിയാന്‍ എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആർ ​ഗോപകുമാർ, സെക്രട്ടറി ചന്ദ്രകുമാർ, ട്രഷറർ ബിജു സാരം​ഗി എന്നിവർ നേതൃത്വം നൽകി.

sab

കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത്  സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് സംഘം ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്. ശുഭ്രവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കർപ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങൾ ശീവേലിയിൽ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കൽ എത്തിയശേഷം, പടികൾ കഴുകി അവയിൽ കർപ്പൂരപൂജയും ആരാധനയും നടത്തി. തുടർന്ന് അയ്യപ്പദർശനത്തനു ശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി. 20 ന് മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗ പെരിയോൻ അമ്പാട് എ. കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.