സിദ്ധാർത്ഥിൻ്റെ മരണം: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം : വി. മുരളീധരൻ
എസ്‌എഫ്‌ഐ നേതൃത്വം നല്‍കുന്ന ലഹരി മാഫിയയാണ് പൂക്കോട് കോളേജിലെ സിദ്ധാര്‍ഥിനെ മര്‍ദിച്ചു കൊന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. സിദ്ധാർഥ് വധക്കേസ് പ്രതികളെ ഏതു 'മുടക്കോഴിമലയിലാണ്'' ഒളിപ്പിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വെളിപ്പെടുത്തണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
കോളേജ് ഡീനയെും അസി. വാര്‍ഡനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കോളേജ് ഹോസ്‌റ്റലിൽ ഒരു വിദ്യാര്‍ഥി തുടർച്ചയായി മർദനമേറ്റ് അവശനായി കിടന്നിട്ട് സംഭവം അരും അറിഞ്ഞില്ലയെന്ന വാദം വിശ്വാസയോഗ്യമല്ല. എസ്എഫ്‌ഐ ക്രിമിനൽ സംഘം നടത്തിയ കൊലപാതകത്തിന് കൂട്ട് നിൽക്കുകയായിരുന്നു ഡീനും ഏതാനും അധ്യാപകരും എന്ന് മന്ത്രി ആരോപിച്ചു.
ലഹരി കടത്തിനും ഉപയോഗത്തിനും നേതൃത്വം നൽകുന്നവരാണ് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെന്ന് നിരവധി സംഭവങ്ങളിലൂടെ വ്യക്തമായതാണ്. എസ്‌എഫ്‌ഐക്കാരെ ക്രിമിനലുകൾ എന്ന് വിളിച്ച ഗവർണറുടെ നിലപാട് ശരിയായിരുന്നു എന്ന് കേരളത്തിന് ബോധ്യപ്പെടുന്ന സംഭവമാണ് പൂക്കോട് ഉണ്ടായത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സിദ്ധാർത്ഥിൻ്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളാൻ പൊലീസ് കൂട്ടുനിന്നുവെന്നും വി. മുരളീധരൻ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ അന്വേഷണം വേണം. ഇസ്‌തിരിയിട്ട വസ്‌ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെകുറിച്ചാണ് അഭ്യന്തര മന്ത്രിയുടെ ആശങ്ക. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്ന് വി മുരളീധരൻ പരിഹസിച്ചു.
ഹമാസ് ഭീകരരെ മഹത്വവൽക്കരിക്കുന്നവർ ക്യാമ്പസുകളിൽ നടത്തുന്ന ഭീകരത അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.