കേരളതനിമയിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം

 
dance

മോഹിനിയാട്ടത്തിന് പുതു ഭാവം പകർന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സിത്താര ബാലകൃഷ്ണന്റെ  മോഹിനിയാട്ടം. സാധാരണ കണ്ടുവരുന്ന മോഹിനിയാട്ടത്തിൽ നിന്നും വ്യത്യസ്തമായി കേരളീയ ചുവടുകളും കേരളീയ താളങ്ങളും കേരളീയ ചൊല്ലുകളും കോർത്തിണക്കിയുള്ള അവതരണ ശൈലിയാണ് നർത്തകി   പിന്തുടർന്നത്.

dance

കേരളത്തിൽ പലയിടത്തും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ ഇപ്പോഴും അവലംബി ക്കുന്നത് ഭരതനാട്യത്തിന്റെ കച്ചേരി ക്രമമാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ തനത് ലാസ്യ നൃത്തത്തെ അരങ്ങിലെത്തിക്കുക എന്ന  ശ്രമകരമായ ദൗത്യം സിത്താരയെ  കൊണ്ടെത്തിച്ചത് കാവാലം നാരായണപണിക്കർ ചിട്ടപ്പെടുത്തിയ സോപാന സേവയിലെ ചില ഇനങ്ങൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നതിലേക്കാണ് .സോപാന സേവയിലെ ഇനങ്ങളായ ഗണപതി, കൊട്ടി ചേദം,  തത്വം,ജീവ എന്നിങ്ങനെ നാലിനങ്ങളാണ് ചിങ്ങമാസത്തെ ധന്യമാക്കാൻ കലാകാരി അവതരിപ്പച്ചത്.

സദസിന് ആനന്ദം പകരുക, സ്വയം മറന്ന് നൃത്തത്തിൽ അലിഞ്ഞു ചേരുക എന്നിവയെല്ലാം ഓരോ നൃത്ത വേദിയിലേക്കും ചിലങ്ക അണിഞ്ഞത്തുമ്പോൾ ഓരോ കലാകാരിയും പ്രതീക്ഷിക്കുന്നുണ്ടാകും. ആ പ്രതീക്ഷകൾക്കൊപ്പംനിന്ന പ്രകടനം തന്നെയായിരുന്നു കൂത്തമ്പലത്തിലെ സന്ധ്യാനേരത്തിൽ സിത്താര ബാലകൃഷ്ണൻ കാഴ്ചവച്ചതും.