സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കണം: ഡോ. ആർ. ബിന്ദു

 
bindhu

"തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തലവേദനയായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാങ്കേതിക സർവകലാശാലയിലെ കുട്ടികൾ തയ്യാറെടുക്കുന്നത് ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. 

സാമൂഹിക-ഗവേഷണ പ്രാധാന്യമുള്ള മൂന്ന് ബൃഹത് പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട്  എ. പി. ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്കരണം, കുടിവെള്ള പ്രശ്‍നങ്ങൾ എന്നിവക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം നിർദേശിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും, മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 പ്രദേശിക വികസനം ലക്ഷ്യമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട് 300 ലക്ഷം രൂപ ചിലവിൽ നടപ്പിലാക്കുന്ന 1000 വിദ്യാർത്ഥി പ്രൊജക്ടുകൾ, കണ്ണൂർ, കൊച്ചി, കോട്ടയം ഗവ. എൻജിനിയറിംഗ് കോളേജുകളിൽ സ്ഥാപിക്കുന്ന മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ, ഉത്പാദന സാങ്കേതിക വിദ്യകളിൽ പരിശീലനം ലഭ്യമാക്കാനായി നടപ്പിലാക്കുന്ന -ഫാബ് ലാബ് ശൃംഖല എന്നീ പദ്ധതികളിൽ സാങ്കേതിക സർവകലാശാല ധാരണാപത്രങ്ങൾ കൈമാറി. 

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ് 1000 പ്രൊജെക്ടുകൾ സർവകലാശാല നടപ്പിലാക്കുന്നത്.  ഫാബ് ലാബ് പദ്ധതിയിൽ കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി സർവ്വകലാശാല കൈകോർക്കും.

കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ പ്രൊഫസർ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട്, ഗ്രോനിംഗൻ സർവ്വകലാശാല പ്രൊഫസർ അരവിന്ദ് പി. വി. എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചാൻസലർ സജി ഗോപിനാഥ്, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബൈജുഭായി ടി പി, സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. ജമുന ബി എസ്, പ്രൊഫ. പി ഓ ജെ ലബ്ബ എന്നിവർ പങ്കെടുത്തു.