ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

 
KNB

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് വിധി. നരഹത്യ ഒഴിവാക്കിയ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ദൃക്‌സാക്ഷികളും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ മൊഴി തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫാ നജീമിനേയും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അപകടം നടന്നതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു.