കയർ, ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് പദ്ധതിയിൽ 15.15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

 
P rajeev

കയർ, ഖാദി മേഖലകളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം 15.15 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.. ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ തൊഴിലെടുക്കുന്നവർക്കായി 8.07 കോടി രൂപയും കയർ തൊഴിലാളികൾക്കായി 7.08 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കാൽ ലക്ഷത്തിലേറെ തൊഴിലാളികൾക്കാണ് തുക ലഭിക്കുക. ഖാദി മേഖലയിലെ 12500 തൊഴിലാളികൾക്കും കയർ മേഖലയിലെ 12879 തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി 90 കോടി രൂപയാണ് ഈ വർഷം വകയിരുത്തിയത്. നേരത്തെ അനുവദിച്ച തുക നിശ്ചിത സമയത്തിനുള്ളിൽ തന്നെ തൊഴിലാളികൾക്ക് ലഭ്യമാക്കിയിരുന്നു.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 76.69 കോടി രൂപയാണ് ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ഖാദി തൊഴിലാളികൾക്ക് വിതരണം ചെയ്തത്. റിബേറ്റ് ഇനത്തിൽ 29.7 കോടിയും പദ്ധതി വിഹിതമായി 26.98 കോടി രൂപയും ചെലവഴിച്ചു. കയർ മേഖലയിൽ 41.49 കോടി രൂപ ഈ സർക്കാർ ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ചെലവഴിച്ചു. 2000 പേർക്കാണ് പ്രയോജനം ലഭിച്ചത്.

കയർ, ഖാദി മേഖലകൾ ആധുനികീകരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.