തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം തന്നെ തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവന ന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച
അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാണുന്ന സ്ത്രീപ്രതിനിധ്യം തൊഴില്‍ മേഖലകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ മേഖലകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഏതെങ്കിലും ദിശയില്‍ കരിയര്‍ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാക്ക് ടു വര്‍ക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഐക്യ രാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ്.
നവോത്ഥാന കാലഘട്ടത്തില്‍ തുടങ്ങി സ്ത്രീകളുടെ സാമൂഹികമായിട്ടുള്ള പുരോഗമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു സമൂഹം ഇന്ന് പല മേഖലകളിലും നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും കേരളമാണ് ഒന്നാമത്. എന്നാല്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ ക്ഷേമം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വലിയ പ്രധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവ പ്രോഗ്രാം, ബ്രെസ്റ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള വാര്‍ഷിക ആരോഗ്യ സ്‌ക്രീനിംഗ് പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയെ പൊന്നാടയണിയിച്ച് ഫലകവും കാഷ് അവാര്‍ഡും നല്‍കി മന്ത്രി ആദരിച്ചു. ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി, വനിതകളുടെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹം (വീ സാറ്റ്) വികസിപ്പിച്ച തിരുവനന്തപുരം എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണ്‍ ടീം അംഗങ്ങളായ വിദ്യാര്‍ഥിനികള്‍, അധ്യാപകരായ ഡോ. ലിസി അബ്രഹാം, ഡോ. ആര്‍. രശ്മി, ഡോ. എം.ഡി. സുമിത്ര, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മ സമതയുടെ സാരഥികളായ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി.എ. ഉഷാകുമാരി, ചെയര്‍പേഴ്‌സണ്‍ അജിത ടി.ജി,
മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവയിത്രി വിജയരാജ മല്ലിക, ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഇരു കൈകളുമില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരിയായ ജിലുമോള്‍, തിരുനെല്ലിയിലെ കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുടുംബശ്രീ വനിതകളായ ലക്ഷ്മി, സുനിത, ശരണ്യ, ശാന്ത മനോഹരന്‍, ശാന്ത നാരായണന്‍, റാണി, സരസു, കമല, ബിന്ദു, ശാരദ എന്നിവരെയും
മന്ത്രി ആദരിച്ചു.
മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരങ്ങള്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തളയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു വേണ്ടി ചെയര്‍പേഴ്‌സണ്‍ കെ.പി. സുധയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സുമ ഇടവിളാകവും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.
വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ ബിജിന്‍ സാമുവല്‍, ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ജെ. വര്‍ഗീസ്, ഇടുക്കി മാതൃഭൂമി ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയിന്‍ എസ് രാജു, പാലക്കാട് ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് പ്രിയ ഇളവള്ളിമഠം,
കൊച്ചി അമൃത ടിവി സീനിയര്‍ കാമറമാന്‍ ബൈജു സിഎസ്, മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ഗിബി സാം വി.പി. എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. വി.കെ പ്രശാന്ത് എംഎല്‍എ, കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി. ആര്‍ മഹിളാ മണി, അഡ്വ. പി. കുഞ്ഞായിഷ, ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം പ്രൊഫ. മിനി സുകുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട അവിഷ്‌കാരം നിര്‍വഹിച്ച പെണ്ണകം ദൃശ്യകാവ്യം കലാഞ്ജലി ഫൗണ്ടേഷന്‍ സൗമ്യ സുകുമാരനും സംഘവും അവതരിപ്പിച്ചു. നാട്യ കലാക്ഷേത്രം ലിസി മുരളീധരനും സംഘവും സ്ത്രീശബ്ദം നൃത്ത സംഗീതം അവതരിപ്പിച്ചു.
ഫോട്ടോ അടിക്കുറിപ്പ്- വുമണ്‍സ് ഡേ മിനിസ്റ്റര്‍ വീണാ ജോര്‍ജ്-
കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവന ന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച
അന്താരാഷ്ട്ര വനിതാ ദിനാചരണം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.