വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്

 
police

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി (ഫെബ്രുവരി 23, 24) ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും.

കോവളം വെളളാറിലെ കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന സംഗമം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിക്കും.
 
പോലീസിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളള 180 ല്‍ പരം വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സംഗമത്തിന്‍റെ ആദ്യ ദിവസം വിജിലന്‍സ്  ഡയറക്ടര്‍ മനോജ് എബ്രഹാം വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം രണ്ടു സംഘങ്ങളായി തിരിഞ്ഞുളള ചര്‍ച്ചകള്‍ നടത്തി ആശയം രൂപീകരിക്കും. രണ്ടാമത്തെ ദിവസം വിദഗ്ദ്ധ പാനലിനു മുന്നില്‍ വിഷയാവതരണം നടത്തും. ഐ.പി.എസ് ഉദ്യോഗസ്ഥരായ ബി.സന്ധ്യ, കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം എന്നിവരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രന്‍ എന്നിവരും മൃദുല്‍ ഈപ്പന്‍, ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.എം.ബീന എന്നിവരും അടങ്ങിയതാണ് പാനല്‍. 

പാനലിന്‍റെ നിര്‍ദ്ദേശങ്ങള്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാറിന്‍റെ നേതൃത്വത്തില്‍ ക്രോഡീകരിച്ചശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും.  

വെളളിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിക്കും.