വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൗഡറുകൾക്കുമെതിരെ സംസ്ഥാനവ്യാപക നടപടി

വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; വ്യാജ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും ക്രിമിനൽ നടപടി
 
murali

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാനവ്യാപകമായി പരിശോധനയും നടപടികളും ശക്തമാക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഓൺലൈൻ വിപണനവും നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.

നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടിയും സ്വീകരിക്കും. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമ്മത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ വിൽപ്പന പ്രത്യേകം നിരീക്ഷിക്കും.

മംഗളൂരു–കാസർകോട് മേഖല കേന്ദ്രീകരിച്ച് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി കേരളത്തിലെത്തിച്ച് വിൽക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇവയുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷ എന്നിവ സംബന്ധിച്ച് ആശങ്കയുണ്ട്. പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമ്മാതാവിന്റെ പേര്, നിർമ്മാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരം ഉൽപ്പന്നങ്ങളുടെ വിതരണശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

വ്യാജവും സുരക്ഷിതത്വം ഉറപ്പാക്കാത്തതുമായ ഉൽപ്പന്നങ്ങൾ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ത്വക്ക് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മാറ്റാനും വേഗത്തിൽ ഫലം ലഭിക്കുമെന്നുമുള്ള വാഗ്ദാനങ്ങളോടെയാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. എന്നാൽ ഇവയിലെ ചേരുവകളെക്കുറിച്ചും ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ല.

പേശീബലവും ശാരീരികക്ഷമതയും വർധിപ്പിക്കുമെന്ന പേരിൽ വിൽക്കുന്ന വ്യാജ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും. ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. പണം വാങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

ഉൽപ്പന്നങ്ങളുടെ പരസ്യവും വിൽപ്പനയും മാത്രമല്ല, അവയുടെ ഉറവിടവും വിതരണശൃംഖലയും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂ. ആകർഷകമായ പരസ്യങ്ങളിലും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങളിലും വിശ്വസിക്കാതെ ഉൽപ്പന്നങ്ങളുടെ അംഗീകാരം, നിർമ്മാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കിയശേഷം മാത്രം വാങ്ങണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.