ദേവികുളം തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

 
high court
high court

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി . വിധിക്ക്  സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് ഇടക്കാല സ്റ്റേ. കഴിഞ്ഞ ദിവസമാണ് എ രാജ എംഎൽഎയുടെ വിജയം കോടതി റദ്ദാക്കിയത്.

നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഹൈക്കോടതി വിധിക്കെതിരേ പത്ത് ദിവസത്തിനകം രാജ സുപ്രീംകോടതിയെ സമീപിക്കണം. അതേസമയം, എംഎല്‍എ എന്ന നിലയില്‍ രാജയ്ക്ക് നിയമസഭയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടാകില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണു വിധി.

വിധിക്കെതിരെ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എ.രാജയ്ക്കു നിർദേശം നൽകിയിരുന്നു. തന്റെ വാദങ്ങൾ പൂർണമായി കേൾക്കാതെയുള്ള വിധിയാണെന്നും അപ്പീൽ നൽകുമെന്നും രാജയും വ്യക്തമാക്കിയിട്ടുണ്ട്.