അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം

26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി
 
sab

തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു  ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം  എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ്  പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു.

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക, നിർമാണ തീയതി, വിതരണ തീയതി എന്നിവ രേഖപ്പെടുത്താത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ,പായ്ക്കറ്റുകൾ എന്നിവ വിൽപ്പന നടത്തുക എന്നീ ക്രമക്കേടുകളാണ് സ്ക്വാഡുകൾ കണ്ടെത്തുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ 984710 2687,9745602733 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാമെന്നും എഡിഎം പറഞ്ഞു.ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.കെ പ്രസിൽ, ലീഗൽ മെട്രോളജി ഇൻസ്പക്ടർ ബാബു കെ ജോർജ്, സ്ക്വാഡ് സൂപ്രണ്ട് കെ.സി. സുനിൽ കുമാർ, സ്ക്വാഡ് അംഗങ്ങളായ ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.