2025 ഓടെ ക്ഷയരോഗ മുക്തമാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

 
veena

മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കൃത്യമായ ശാസ്ത്രീയമായ പരിപാടികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചു വരുന്നത്. താഴെത്തട്ട് മുതലും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷയരോഗ നിവാരണത്തില്‍ മരുന്ന് മാത്രമല്ല പോഷകാഹാരവും പ്രധാനമാണ്. സംസ്ഥാനത്ത് 2022ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കായി 4.60 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്ഷയരോഗാണുബാധ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും വളരെ കൃത്യമായ നയം വളരെ നേരത്തെ തന്നെ ആവിഷ്‌ക്കരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷനിലൂടെ വിഭാവനം ചെയ്തിരിക്കുന്ന 10 കാര്യങ്ങളിലൊന്ന് രോഗനിര്‍മാര്‍ജനം. അതിലൊന്നാണ് ക്ഷയരോഗ നിവാരണം. ഇതിനായി വളരെ ഫലപ്രദമായ ഇടപെടലുകളാണ് നടത്തി വരുന്നത്.

കേരളം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ 2021ല്‍ വെങ്കലവും 2022ല്‍ വെള്ളിമെഡലും നേടിയിരുന്നു. ഈ കാലയളവില്‍ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നത് പ്രോത്സാഹനമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിര്‍ണയവും ചികിത്സയും തികച്ചും സൗജന്യമാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിവാരണം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. കെ.വി. നന്ദകുമാര്‍, ഡോ. എന്‍. രാജേന്ദ്രന്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. എസ്. വത്സല എന്നിവര്‍ പങ്കെടുത്തു.