"സുദിനം മധുസൂദനം" കവി മധുസൂദനൻ നായരെ ആദരിച്ചു

മാധ്യമപ്രവര്‍ത്തനവും സാഹിത്യവും രണ്ടുതലത്തില്‍: പി.എസ് ശ്രീധരന്‍പിള്ള
 
PIC

സത്യം മാധ്യമപ്രവര്‍ത്തനത്തിന്റെയും ഭാവന സാഹിത്യത്തിന്റെയും രണ്ടു തലങ്ങളാണെന്നും രണ്ടും ഒരുവ്യക്തി ചെയ്യുമ്പോള്‍ വഴിതെറ്റാന്‍ സാധ്യതയുണ്ടെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. രണ്ടും സാര്‍ഥകമായി ചെയ്ത വ്യക്തി ഗബ്രിയല്‍ മാര്‍ക്കേസാണ്. എന്നാല്‍ ചിലിയിലെ ഭരണാധികാരിയുടെ കൊലപാതകത്തില്‍ അദ്ദേഹത്തിന് നിലപാട് മാറ്റേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. കാവ്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രൊഫ.വി.മധുസൂദനന്‍നായര്‍ക്ക് പ്രസ് ക്ലബ് നല്‍കിയ ആദരം, പ്രസ് ക്ലബ് ജേര്‍ണലിസം കോഴ്‌സുകളുടെ ബിരുദദാനം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സന്ധി ചെയ്യേണ്ടിവരും. ആത്മാവും മൗലികതയും നഷ്ടപ്പെടാതെ നോക്കണം. ലേബലില്‍ പെടാതെ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കണം. 100 ശതമാനം അംഗങ്ങളെയും ചേര്‍ത്ത് ജനാധിപത്യസംവിധാനം നടക്കില്ല. രാഷ്ട്രീയക്കാരെക്കാള്‍ കൂടുതലായ ശത്രുതാമനോഭാവം സാഹിത്യകാര്‍ക്കിടയിലുണ്ടെന്ന് മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞത് അദ്ദേഹം ഓര്‍മിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയില്‍ തെരഞ്ഞെടുപ്പിലൂടെയാണ് അംഗങ്ങളെത്തുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി  എതിരഭിപ്രായമുള്ളവര്‍ അവരിലുണ്ടാകും. എന്നാല്‍ രാമക്ഷേത്രനിര്‍മാണത്തില്‍ പങ്കെടുത്ത രാംഭദ്രാചാര്യയെ ജ്ഞാനപീഠപുരസ്‌ക്കാരത്തിന് പരിഗണിച്ചത് ഉചിതമായി. ഭാരതീയ ധര്‍മത്തിന്റെ വിളംബരമാണ് വി.മധുസൂദനന്‍നായരുടെ കവിതയിലെ അന്തര്‍ധാരയെന്നും പി.എസ്.ശ്രീധരവന്‍പിള്ള പറഞ്ഞു.

കാവ്യജീവിതത്തിൻ്റെ അരനൂറ്റാണ്ടു പിന്നിട്ട കവി പ്രൊഫ.വി.മധുസൂദനൻ നായരെ ആദരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങ് "സുദിനം മധുസൂദനം" ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ  അദ്ധ്യക്ഷതയിൽ ടി എൻ ജി ഹാളിൽ ചേർന്ന ചടങ്ങിൽ കവി ഗിരീഷ് പുലിയൂർ, മധുസൂദനൻ നായരുടെ കവിതകൾ ആലപിച്ചു.
ഐ ജെ ടി 2022 - 23 റഗുലർ, ഈവനിംഗ് ബാച്ചുകളുടെ ബിരുദദാനം വി.മധുസൂദനൻ നായർ നിർവഹിച്ചു. വാക്ക് എന്ന സ്വന്തം കവിത മധുസൂദനൻ നായർ ആലപിച്ചു.
സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും ഐ ജെ ടി ഡയറക്ടർ സിബി കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

PIC

എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ജാഗ്രത വേണം: വി.മധുസൂദനന്‍നായര്‍


  എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും ജാഗ്രത വേണമെന്നും ചെറിയ പിശക് തലമുറയെ ബാധിക്കുമെന്നും പ്രൊഫ.വിമധുസൂദനന്‍നായര്‍. തിരുവനന്തപുരം പ്രസ് ക്ലബ് നല്‍കിയ ആദരത്തിന് മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ കറ പറ്റുന്നവനാണ്. അതു കഴുകിക്കളയാന്‍ ശ്രമിക്കണം. പഠിക്കുന്നതും പഠിപ്പിക്കുന്നതും ചെയ്യുന്നതിലൂടെ സ്വയം തിരുത്താന്‍ സാധിക്കും. ഓര്‍മവന്ന നാള്‍ മുതല്‍ ആരാധ്യദേവത അക്ഷരമാണ്. കവിത സ്വയം തിരുത്താനുള്ളതാണ്. അത് കഴിയുന്നത്ര ചെയ്യുന്നു. അടുത്ത തലമുറ ഭദ്രമായാല്‍ ലോകം നന്നാകും. മണ്ണിരയ്ക്ക് വെള്ളം കൊടുക്കാത്ത നാടാണിത്. തുമ്പി എവിടെ നിന്ന് വെള്ളം കുടിക്കുമെന്ന് ചിന്തിക്കാന്‍ ശ്രമിക്കണം. അതാണ് ധര്‍മവും കവിതയും. അക്ഷരത്തില്‍ നിന്നും അക്കങ്ങളിലേക്ക് ജീവിതം മാറുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലാണ് ഇതു സംഭവിച്ചത്. അത് പത്രപ്രവര്‍ത്തന രംഗത്തെയും ബാധിച്ചിട്ടുണ്ടെന്ന് വി.മധുസൂദനന്‍നായര്‍ പറഞ്ഞു. ജേര്‍ണലിസം ഇന്‍സ്റ്റിട്യൂട്ടിന്റെ ബിരുദങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.