നടന ഭാവതാളലയങ്ങളുമായി "വിജ്ഞാനവേനൽ '
May 24, 2023, 19:58 IST
പദങ്ങളും മുദ്രകളും പിന്നെ താളലയ വിന്യാസവും...കുട്ടിക്കൂട്ടത്തിന് ശാസ്ത്രീയ നൃത്തത്തിന്‍റെ അകവും പുറവും പരിചയപ്പെടുത്തി വിജ്ഞാന വേനൽ. കുട്ടികളിലെ സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ മൂന്നാം ദിനത്തിലാണ് പ്രശസ്ത നർത്തകി ഡോ. സിത്താര ബാലകൃഷ്ണൻ നൃത്ത പാഠങ്ങൾ കുട്ടികൾക്കായി പങ്കുവച്ചത്. പദവും താളവും മുദ്രകളും കുട്ടികളെ പരിചയപ്പെടുത്തി. മിടുക്കരിൽ ചിലർ അപ്പോൾ തന്നെ പഠിച്ചെടുത്തു അവതരിപ്പിച്ചു. കേരള സർവകലാശാല സെന്‍റർ ഫോർ പെർഫോമിങ് ആന്‍റ് വിഷ്വൽ ആർട്ട് ഡയറക്റ്റർ ഡോ. രാജാവാര്യർ നാടക കളരിയിലൂടെ അഭിനയത്തിന്‍റെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു.ഷറഫലി, കവി സുമേഷ് ബാലകൃഷ്ണൻ, ഗായകൻ പദ്മകുമാർ എന്നിവർ ക്ലാസെടുത്തു. ഇന്ന് ക്യാമ്പ് അംഗങ്ങൾ നിർമിക്കുന്ന ഷോർട്ട് റോഡ് മൂവി ചിത്രീരകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26 ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.