സപ്ലൈകോ വിലവർദ്ധന: സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദ്രൻ

 
bjp

സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വിലവർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ. 
ഇതു പോലെ ഒരു ജനവിരുദ്ധമായ സർക്കാർ കേരള ചരിത്രത്തിൽ വേറെയില്ലെന്നും കേരള പദയാത്രയുടെ ഭാഗമായി അങ്കമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സപ്ലൈകോയിൽ വില കൂടിയാൽ എല്ലാ സാധനങ്ങൾക്കും വില കൂടും. വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. കേന്ദ്ര സർക്കാർ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാനം ജനവഞ്ചന നടത്തുന്നത്. സപ്ലൈകോയിൽ നേരത്തെ തന്നെ സർക്കാർ ഒരു സഹായവും ചെയ്തില്ല. ഇപ്പോൾ അത് പൂട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാൻ വേണ്ടിയാണിത്. ഭാരത് അരിക്കെതിരെ പ്രചരണം നടത്തുന്നതും അരിലോബിയെ സഹായിക്കാൻ വേണ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് മാനേജ്മെൻ്റ് ഗണപതി ഹോമം നടത്തിയതിനെതിരെ കേസെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. മനേജരെ കസ്റ്റഡിയിലെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സിപിഎമ്മിൽ ചേക്കേറിയ പിഎഫ്ഐക്കാർ ബഹളം വെച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം മതഭീകരവാദികളെ സന്തോഷിപ്പിക്കാനാണ് ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നത്.


എന്തുകൊണ്ടാണ് കെഎസ്ഐഡിസിയിൽ ഉന്നത സ്ഥാനങ്ങളിലിരുന്നവർ റിട്ടയർമെൻ്റിന് ശേഷം ചില കമ്പനികളുടെ തലപ്പത്ത് വരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. മാസപ്പടിയുടെ പ്രത്യുപകാരമാണോ ഇതെന്ന് സംശയമുണ്ട്. കെഎസ്ഐഡിസി മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയെ പോലെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ സർക്കാർ സംവിധാനം ഉപയോഗിക്കുകയാണ്. 

കോൺഗ്രസിൻ്റെ സമരാഗ്നി നനഞ്ഞ പടക്കമായി മാറി. ഈ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് പൂർണമായും ഇല്ലാതാവും. കോൺഗ്രസ് സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹം ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ല. എന്നാൽ കേരള പദയാത്ര ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന യാത്രയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് കേരള പദയാത്ര പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള പദയാത്രയുടെ സമാപന സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. കേരളത്തിൽ നരേന്ദ്രമോദിക്കുള്ള അംഗീകാരം വർദ്ധിച്ചുവരുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിൻ്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.