മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി

 
madani

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ തങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ആ വ്യവസ്ഥയിലാണ് സുപ്രീം കോടതി ഇളവ് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടി ആവശ്യപ്പെടുമ്പോള്‍ ബംഗളൂരുവിലേക്ക് വരേണ്ടതുണ്ട്. അല്ലാത്ത സമയങ്ങളില്‍ കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ താമസിക്കാം. കേരളത്തിലേക്ക് പേകുമ്പോള്‍ കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാകുന്നു. 

ഓരോ പതിനഞ്ച് ദിവസത്തിനുള്ളില്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. ആ റിപ്പോര്‍ട്ട്  കേസിന്റെ പ്രോസിക്യൂഷനായ ബംഗളൂരു പൊലീസിന് കൊല്ലം പൊലീസ് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. ചികിത്സാര്‍ഥം അദ്ദേഹത്തിന് കൊല്ലം ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോകാനും അനുമതിയുണ്ട്. കൊല്ലം ജില്ലാപൊലീസ് മേധാവിയില്‍ നിന്ന് അനുമതി തേടിയ ശേഷം മാത്രമെ പോകാവൂ എന്നും ഉത്തരവില്‍ പറയുന്നു.