സ്വപ്നയുടെ പരാതി; വിജേഷ് പിള്ള പൊലീസിന് മുന്നിൽ ഹാജരായി

 
sup

 ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലീസിന് മുന്നിൽ ഹാജരായി. ബംഗളൂരുവിലെ കെ.ആർ.പുരം പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഹാജരായത്. ഭീഷണിപ്പെടുത്തൽ കുറ്റം കൈകാര്യം ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 506 പ്രകാരമാണ് വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

വിജേഷ് ഒളിവിലാണെന്നും സ്റ്റേഷനിൽ ഹാജരാകാൻ വാട്സാപ്പ് വഴി നോട്ടീസ് അയച്ചെങ്കിലും സ്വീകരിച്ചില്ലെന്നും കർണാടക പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ നേരിട്ട് ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം വിജേഷ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. കേരളം വിട്ടില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്നും ജീവന് അപായമുണ്ടാകുമെന്നും പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞെന്നും സ്വപ്ന ആരോപിച്ചിരുന്നു.