ക്യൂ ആർ കോഡിലൊരു ടാഗോർ പഠനം : പ്രമോദ് പയ്യന്നൂരിന് ശാന്തിനികേതനിൽ നിന്ന് ഡോക്ടറേറ്റ്

 
PP

ഒരു പ്രബദ്ധം, അതും പി.എച്ച്.ഡി തീസിസ് ക്യൂ ആർ കോഡിൽ ഒതുക്കാമോ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനില്ല. എന്നാൽ രവീന്ദ്രനാഥ ടാഗോറിൻ്റെ നാടകങ്ങളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ക്യു ആർ കോഡ് സഹിതം സമർപ്പിച്ച് ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് പ്രമുഖ സാംസ്കാരിക പ്രവർത്തകനായ പ്രമോദ് പയ്യന്നൂർ.

യുനെസ്കോ വേൾഡ് ഹെറിറ്റേജ് യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ച കൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും 'ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ട ടാഗോർ നാടകകൃതികളുടെ ദൃശ്യശാസ്ത്ര വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പ്രമുഖ നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, സംസ്ഥാന സർക്കാരിന്റെ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ് ലഭിച്ചത്.
ടാഗോറിന്റെ വിഖ്യാത നാടകങ്ങളായ രക്തകരബി, മുക്തധാര, ടാക്ഘർ എന്നീ രചനകൾ പുതിയ കാലത്തിന് അനുയോജ്യമായി  രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ദൃശ്യശാസ്ത്ര സാധ്യതകളും തിയറിയും സമന്വയിപ്പിച്ചതാണ് തീസിസ്. ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയിൽ ക്യുആർ കോഡ് സഹിതം സമർപ്പിച്ച ആദ്യഗവേഷണ പഠനം എന്ന സവിശേഷതയും  ഇതിനുണ്ട്. ശാന്തിനികേതനിലെ തിയേറ്റർ ഡിപ്പാർട്മെന്റ് മേധാവികൾ ആയിരുന്ന പ്രൊഫ. മാധബി റുജ്, പ്രൊഫ.താരക് സെൻ ഗുപ്ത, എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം പൂർത്തീകരിച്ചത്.
ഡോ.മാളു.ജി.സഹധർമ്മിണിയും,അവന്തിക,ആഗ്നേയ്‌ എന്നിവർ മക്കളുമാണ്.