ഒമാനില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം

 
photo

തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി വികസിപ്പിച്ചെടുത്ത ഇന്ദ്രജാലാധിഷ്ഠിതമായ ബോധന മാതൃക ഒമാനില്‍ നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചു.  ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓട്ടിസം അവബോധ പരിപാടിയില്‍ ഡി.എ.സി ബോധന മാതൃക അവതരിപ്പിച്ചിരുന്നു.  തുടര്‍ന്നാണ് ഡി.എ.സി മാതൃക ഒമാനിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ഒമാന്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് അണ്ടര്‍ സെക്രട്ടറി റാഷിദ് ബിന്‍ അഹമ്മദ് അല്‍ ഷംസി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. അലിഅല്‍ ബിമാനി, ഓട്ടിസം സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. യഹിയ അല്‍ഫാരിസി, ഗള്‍ഫാര്‍ മുഹമ്മദാലി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ബാബു രാജേന്ദ്രന്‍, ലോകാരോഗ്യസംഘടന നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. ഡി.എ.സി മാതൃക ഒമാനില്‍  നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് സെന്ററിന്റെ പഠനരീതിയുടെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും ഡി.എ.സിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.    


ഭിന്നശേഷിക്കുട്ടികളില്‍ ഇന്ദ്രജാലാധിഷ്ഠിതമായി നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിവിധ കലാരൂപങ്ങളില്‍ പരിശീലനം നല്‍കുന്ന നൂതന പഠനരീതിയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ പഠനരീതിയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളില്‍ വ്യതിയാനം ഉണ്ടായതായി ഗവണ്‍മെന്റ് ഏജന്‍സികളായ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഐക്കണ്‍സ് എന്നിവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ട് അടക്കമാണ് കോണ്‍ഫറന്‍സില്‍ ഗോപിനാഥ് മുതുകാട്,  ഡോ.മുഹമ്മദ് അഷീല്‍, ഡി.എ.സി സീനിയര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ മിനുഅശോക് എന്നിവര്‍ സംയുക്തമായി പഠനരീതി വിദഗ്ദ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.  


ഓട്ടിസം അവബോധ പരിപാടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്ന് പരിശീലനം നേടിയ വിഷ്ണു.ആര്‍, ക്രിസ്റ്റീന്‍ റോസ് ടോജോ, റുക്‌സാന അന്‍വര്‍, ആര്‍ദ്ര അനില്‍, അപര്‍ണ സുരേഷ് എന്നീ കുട്ടികളുടെ ഇന്ദ്രജാലവും സംഗീതവും ഇഴകലര്‍ത്തിയ ഫ്യൂഷന്‍ പ്രകടനങ്ങള്‍ സദസ് ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത്.  മാജിക്കില്‍ വിഷ്ണുവും അപര്‍ണയും ആര്‍ദ്രയും കീബോര്‍ഡില്‍ ക്രിസ്റ്റീനും വയലിനില്‍ റുക്‌സാനയും വിസ്മയവിരുന്നൊരുക്കിയത് കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.  കൈകളുടെ ചലനങ്ങള്‍ അത്രയധികം കൃത്യമല്ലാത്ത വിഷ്ണുവും ക്രിസ്റ്റീനയും അവതരിപ്പിച്ച മാസ്മരിക പ്രകടനത്തിനു മുന്നില്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ആദരവ് പ്രകടിപ്പിച്ചത്.  ഒമാന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിമാര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, ഭിന്നശേഷി മേഖലയിലെ പ്രഗത്ഭര്‍ എന്നിവര്‍ക്ക് മുമ്പിലായിരുന്നു പ്രകടനം. പ്രകടനത്തിനൊടുവില്‍ കുട്ടികളെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.