താനൂര്‍ കസ്റ്റഡി മരണം; സത്യം പുറത്തുവരണമെന്ന് കെ.സുധാകരന്‍ എംപി

 
Kpcc

താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹമായ വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ സംസ്ഥാനത്തെ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച  താമിര്‍ ജിഫ്രിയുടെ മൃതദേഹത്തില്‍ 21 ഓളം മുറിവുകളുണ്ടെന്നും അതില്‍ ചിലത് ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രിയുടെ മരണം സംഭവിച്ചതെന്നാണ് താനൂര്‍ പോലീസ് ഭാഷ്യം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ മര്‍ദ്ദനം ഏറ്റതായി സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.


കൂടാതെ താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് താമിറിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പോലീസ് എഫ്‌ഐആറില്‍ പറയുന്ന സ്ഥലത്തോ സമയത്തോ അല്ല താമിറിനെ കസ്റ്റയിലെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസിന്റെ എഫ് ഐ ആര്‍ കെട്ടുക്കഥയാണെന്ന് താമിറിനോടൊപ്പം പിടിയിലായ ശേഷം വിട്ടയക്കപ്പെട്ട യുവാവ് സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കസ്റ്റഡി മരണത്തിന് പിന്നിലെ ദുരൂഹത തെളിയിക്കേണ്ടതുണ്ട്. ഈ മരണവുമായി എസ്‌ഐ അടക്കം എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും അത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള നടപടി മാത്രമാണ്. താമിറിന്റെ കുടുംബവും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായിമാറി. പിണറായി ഭരണത്തില്‍ കസ്റ്റഡിമരണം തുടര്‍ക്കഥയാവുകയാണ്. വരാപ്പുഴയില്‍ ശ്രീജിത്ത്, കുണ്ടറ സ്വദേശി കുഞ്ഞുമോന്‍,സേലം സ്വദേശിയായ കാളിമുത്തു,നെടുങ്കണ്ടത്ത് രാജ്കുമാര്‍,മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്,തൃശ്ശൂര്‍ സ്വദേശി വിനായകന്‍,കാസര്‍ഗോഡ് സ്വദേശി സന്ദീപ്,തിരുവല്ലം സ്വദേശി സുരേഷ് എന്നിവരെല്ലാം അതിലെ ഇരകളും.പരാതികളുമായി പോലീസ് സ്‌റ്റേഷനുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്ക് ഭയമാണ്. മൂന്നാംമുറയില്ലാതെ കുറ്റം തെളിയിക്കാനാവില്ലെന്ന പോലീസിന്റെ മനോഭാവമാണ് കസ്റ്റഡി മരണങ്ങള്‍ക്കെല്ലാം ആധാരം.

യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ മെനക്കെടാതെ കിട്ടിയാളെ പ്രതിയാക്കുന്ന കണ്ണില്‍ച്ചോരയില്ലാത്തവരാണ് പിണറായി വിജയന്റെ പോലീസെന്ന് പാലക്കാട്  ഭാരതി അമ്മയെന്ന വയോധികയെ കുടുക്കിയ  നടപടിയിലൂടെ തെളിഞ്ഞതാണ്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള ചട്ടുകമായി പോലീസിനെ ഇടതുസര്‍ക്കാര്‍മാറ്റി. പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് ഉള്‍പ്പെടെ അതിന്റെ ഭാഗമാണ്. മനുഷ്യാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പുല്ലുവിലയാണ് പോലീസ് നല്‍കുന്നത്. പോലീസിലെ ക്രിമിനലുകളായ കാട്ടാളന്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ കഴിയാത്ത ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഢസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്.പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചാലും മൈക്ക് ഹൗളിങിന്റെ പേരിലും  കേസെടുക്കുന്ന പോലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ മാത്രം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കാണിക്കുന്നതിന്റെ പകുതി ജാഗ്രത കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഒഴിവാക്കാമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.