ലക്‌ഷ്യം ഒരു വോട്ട് : ഉപകരണങ്ങളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ
കിടപ്പ് രോഗിയായ വോട്ടർക്ക് വീട്ടിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിംഗ് ഉപകരണങ്ങളുമായി കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ.
കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി നൂറടിയിലെ 31 ആം ബൂത്തിലെ 246 ആം നമ്പർ വോട്ടറാണ് 92 വയസുള്ള ശിവലിംഗം. കിടപ്പുരോഗിയായ ഇദ്ദേഹം ബൂത്ത് ലെവൽ ഓഫീസർ വഴി അസന്നിഹിതർക്കുള്ള വോട്ടിങ് സൗകര്യത്തിനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് ജില്ലാ ഇലക്ഷൻ വിഭാഗം അപേക്ഷ അംഗീകരിക്കുകയും വീട്ടിൽ വോട്ട് രേഖപ്പെടുത്താൻ ഒൻപത് അംഗ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.
ബുധനാഴ്ച (ഏപ്രിൽ 17 ) രാവിലെ ആറ് മണിയോടെ മൂന്നാറിൽ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥർ ഇരവികുളം ദേശീയ ഉദ്യാനം വഴി പെട്ടിമുടിയിലെത്തുകയും അവിടെ നിന്ന് ഓഫ് റോഡ് സൗകര്യമുള്ള ജീപ്പുകളിൽ ഇടമലക്കുടിക്കടുത്തുള്ള കേപ്പക്കാടെത്തുകയും ചെയ്തു. അവിടെനിന്ന് കാൽനട യാത്രാ സൗകര്യം മാത്രമേ സാധ്യമാകൂ. സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായ മൂന്ന് സ്ത്രീകൾ അടങ്ങുന്ന സംഘം രാവിലെ 8 മണിയോടെ യാത്ര ആരംഭിക്കുകയായിരുന്നു. തുടക്കത്തിൽ വലിയ ഉരുളൻകല്ലുകൾ നിറഞ്ഞ വഴികളാണ് അവരെ സ്വാഗതം ചെയ്തത്. തുടർന്ന് ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഇടതൂർന്ന മരങ്ങൾക്കിടയിലെ പാതകളായിരുന്നു. കൊടും വനത്തിലൂടെയുള്ള യാത്രയിൽ ഇടയ്ക്കിടെ കാണുന്ന നാലോ അഞ്ചോ വീടുകളടങ്ങുന്ന കുടികളായിരുന്നു ഏക ആശ്വസം. പകൽ സമയമായതിനാൽ പുരുഷന്മാരും സ്ത്രീകളുമെല്ലാം കൃഷിസ്ഥലത്താണ്. വീടുകളിൽ കുട്ടികളും മുതിർന്നവരും മാത്രം. അവരോട് കുശലം പറഞ്ഞും കാര്യങ്ങൾ ചോദിച്ചറിഞ്ഞും സംഘം മുന്നോട്ട് നീങ്ങി. പുഴയോരങ്ങളിൽ അൽപ സമയം വിശ്രമിച്ചു. ആനകൾ വെള്ളം കുടിക്കാൻ വരാനുള്ള സാധ്യത വനംവകുപ്പ് വാച്ചർമാർ നൽകിയതിനാൽ അധികസമയം വിശ്രമം നീണ്ടില്ല.
പഴക്കം ചെന്ന താൽകാലിക മരക്കമ്പുകൊണ്ടുള്ള പാലങ്ങളിൽ കയറുക അപകടകരമായിരുന്നു. അപ്പുറം കടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ഓരോരുത്തരായാണ് പാലങ്ങൾ കടന്നത്. മഴക്കാലമല്ലാത്തതിനാൽ അട്ട ശല്യം ഇല്ലായിരുന്നു. അതായിരുന്നു വലിയ ആശ്വസം. എന്നാൽ വഴിനീളെ കണ്ടിരുന്ന കാട്ടുപോത്തിന്റെ വലിയ കാൽപാടുകളും ആനപ്പിണ്ടങ്ങളും ഉദ്യോഗസ്ഥ സംഘത്തെ ചെറുതായല്ല പേടിപ്പിച്ചത്. വനം വകുപ്പിന്റെ വാച്ചർമാർ ആനച്ചൂര് മനസിലാക്കാൻ മുന്നിൽ നടക്കുന്നുണ്ടായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളും, ഉച്ചസമയത്തും സൂര്യൻ എത്തിനോക്കാത്ത ഇടങ്ങളിലെ നിശബ്ദതയും ഭയപ്പാടോടെയാണെങ്കിലും ആസ്വദിച്ചുതന്നെയാണ് സംഘം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.
ചെങ്കുത്തായ കയറ്റങ്ങളിൽ പരസ്പരം സഹായിച്ചും ചെരുവുകളിൽ വടി ഊന്നിയും മുന്നോട്ട് നീങ്ങിയ സംഘം , നീണ്ട അഞ്ചേകാൽ മണിക്കൂർ യാത്രയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.15 ന് നൂറടി എന്ന കുടിയിലെത്തുകയായിരുന്നു പത്തോളം വീടുകളായിരുന്നു കുടിയിൽ ഉണ്ടായിരുന്നത്. പക്ഷെ വീടുകൾക്ക് പുറത്ത് ആരെയും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ സംഘത്തിന് വോട്ടറുടെ വീട് ചോദിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. ഒടുവിൽ ബൂത്ത് ലെവൽ ഓഫീസറെത്തി ശിവലിംഗത്തിന്റെ വീട്ടിലെത്തിച്ചു. ഏറെക്കാലമായി കിടപ്പിലാണ് ഇദ്ദേഹം. എണീറ്റിരിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വോട്ട് ചെയ്യാൻ ചെറുമകന്റെ സഹായം വേണമെന്ന് അദ്ദേഹം തന്നെ പറഞ്ഞു.
ക്രമമായി അടുക്കിയ ഈറ്റക്കമ്പുകളിൽ മണ്ണ് പൊതിഞ്ഞ് നിർമ്മിച്ച വീട്. കിടക്കക്ക് അരികിൽ തന്നെ വോട്ടിങ് കമ്പാർട്ട്മെന്റ് ഒരുക്കി തീർത്തും രഹസ്യ സ്വഭാവത്തോടെ സമ്മതിദാന അവകാശം നിർവഹിക്കാനുള്ള അവസരം വോട്ടർക്ക് ഉദ്യോഗസ്ഥർ നൽകി. അവിടെവച്ചുതന്നെ ബാലറ്റ് പേപ്പർ സുരക്ഷിതമായി വോട്ടുപെട്ടിയിലുമാക്കി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യാത്ര പറയുമ്പോൾ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പുകയായിരുന്നു ശിവലിംഗം.
മഴയ്ക്ക് സാധ്യതയുണ്ടായിരുന്നതിനാൽ കയ്യിൽ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കാൻ നിൽക്കാതെ രണ്ടേകാലോടെ മടക്കയാത്ര ആരംഭിച്ചു. ഇരുവശത്തേക്കുമായി പതിനെട്ട് കിലോമീറ്റർ നീണ്ട കാൽനടയാത്രയ്ക്ക് ശേഷം കേപ്പക്കാടെത്തുമ്പോൾ സമയം 7.15 . പേശിവലിവും ക്ഷീണവും അലട്ടുന്നുണ്ടായിരുന്നെങ്കിലും ഒരു വലിയ ദൗത്യം വിജയകരമായ പൂർത്തിയാക്കിയ ആവേശത്തിലായിരുന്നു എല്ലാവരും.
മൂന്നാർ എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ജിഷ മെറിൻ ജോസ് , മൂന്നാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എം ആശ, മൂന്നാർ ഡിവിഷണൽ ഫോറസ്ററ് ഓഫീസിലെ ക്ലർക്ക് എ വി ഡെസിമോൾ , ഇടമലക്കുടി വില്ലേജ് ഓഫീസർ ശ്യം ജി നാഥ് ,ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ അഭിഷേക് കെ എസ് , ഷിബിൻദാസ് സി എൽ ,സിവിൽ പോലീസ് ഓഫീസർ അനീഷ് കുമാർ കെ ആർ , ഫോറസ്ററ് വാച്ചർമാരായ കെ രാമൻ , ശിവസേനൻ , ബി എൽ ഓ ജയകുമാർ എന്നിവരായിരുന്നു സംഘത്തിൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം നടപടികൾ ഡോക്യുമെന്റ് ചെയ്യുന്നതിനായി പി ആർ ഡി ടീമും ഒപ്പമുണ്ടായിരുന്നു.
ഒരു വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രാധാന്യമാണ് ഇടമലക്കുടി ദൗത്യത്തിലൂടെ വെളിവാകുന്നതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. അതോടൊപ്പം ജില്ലയിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിലെത്തിക്കാൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു.
ഏറെ ശ്രമകരമായ ഇടമലക്കുടി ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ ഉചിതമായ രീതിയിൽ അനുമോദിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ അറിയിച്ചു.